ചാലക്കുടി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് റൂറല്‍ എസ്.പി യതീഷ് ചന്ദ്ര.
ചാലക്കുടി ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള എസ്ഐടിയില്‍ ഫൊറന്‍സിക് വിദഗ്ധരേയും ഉള്‍പ്പെടുത്തി.
അറസ്റ്റിലായ നാലുപേര്‍ക്ക് പുറമേ രണ്ടുപ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ തട്ടിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും റൂറല്‍ എസ്പി പറഞ്ഞു.
അതേസമയം ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.പി.ഉദയഭാനുവിനെതിരെ ആരോപണവുമായി കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു.
ഉദയഭാനുവിൽനിന്ന് രാജീവിന് ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെന്നും സുഹൃത്തുക്കൾ ആരോപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ രാജീവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയതിന് പകരമായാണ് തനിക്കെതിരെ ഹൈക്കോടതിയില്‍ പരാതി കൊടുത്തതെന്ന് അഡ്വ.ഉദയഭാനു പറഞ്ഞു.