ചാലക്കുടി രാജീവ് വധം: ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍

കൊച്ചി : റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി.

കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ വിളിയുടെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കൊലപാതകം നടന്ന ദിവസം ഉച്ച തിരിഞ്ഞ് പ്രതികളും ഉദയഭാനുവും ആലപ്പുഴയിലെ ഒരു മൊബൈല്‍ ടവറിന് കീഴിലുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ വാദത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു. നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്ന സിംഗിള്‍ ബെഞ്ച് പിന്മാറിയതിനെ തുടര്‍ന്ന് പുതിയ ബെഞ്ചാണ് വാദം കേട്ടത്.

രാജീവ് വധക്കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ചക്കര ജോണിയും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.

Top