അമേരിക്കക്ക് വെല്ലുവിളി; ചൈനയുടെ അതിനൂതന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ അണിയറയിലെന്ന് അഭ്യൂഹം

വാഷിങ്ടണ്‍: അതിനൂതനമായ ഫോണുകള്‍ വാവെയ്ക്ക് നിര്‍മിക്കാന്‍ കഴിയുമെന്നതിന് യുഎസ് സര്‍ക്കാരിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്ക. അതിനൂതന ചിപ്പുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുകള്‍ വലിയ അളവില്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയായ വാവെയ്ക്ക് ഇപ്പോള്‍ കഴിയില്ലെന്ന് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു. നാനോ ചിപ്പുകള്‍ ഉപയോഗിക്കുന്നതില്‍ ചൈനീസ് കമ്പനി എങ്ങനെ മുന്നേറ്റം നടത്തിയെന്നത് അന്വേഷിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ വാവേയുടെ മേറ്റ് 60 പ്രോ ലോഞ്ച് ചെയ്യുന്ന വാര്‍ത്തയില്‍ താന്‍ അസ്വസ്ഥനാണെന്ന് റൈമോണ്ടോ യുഎസ് നിയമനിര്‍മ്മാതാക്കളോട് പറഞ്ഞിരുന്നു. ചൈനക്ക് 7-നാനോമീറ്റര്‍ ചിപ്പുകള്‍ വലിയ അളവില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നതിന് ഞങ്ങളുടെ പക്കല്‍ തെളിവില്ല എന്നതുമാത്രമാണ് ഒരേയൊരു നല്ല വാര്‍ത്തയെന്നും അദ്ദേഹം യുഎസ് പ്രതിനിധി സഭയില്‍ വ്യക്തമാക്കി. അമേരിക്കന്‍ കയറ്റുമതി നിയന്ത്രണങ്ങളെ മറികടക്കാന്‍ വാവേ വഴി കണ്ടെത്തിയിരിക്കാമെന്ന് സ്മാര്‍ട്ട്ഫോണ്‍ വിശകലന വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ചൈനയുടെ പുതിയ നേട്ടം നാഴികക്കല്ലാകുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, ചൈനീസ് കമ്പനി യുഎസ് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും അമേരിക്കയുടെ അവകാശവാദങ്ങള്‍ വാവേ നിഷേധിക്കുകയാണ് ചെയ്തത്.

സെമി കണ്ടക്ടറുകളില്‍ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് ഗവേഷണ സ്ഥാപനമായ ടെക്ഇന്‍സൈറ്റ്‌സിന്റെ വിലയിരുത്തലില്‍ ചൈനയിലെ പ്രമുഖ ചിപ്പ് മേക്കറായ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ (SMIC) വികസിപ്പിച്ച 5G കിരിന്‍ 9000s പ്രൊസസര്‍ വാവേ ഫോണില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇത് ചൈനക്ക് വലിയ നേട്ടമാണെന്നും പറയുന്നു. ഭാഗികമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനിയായ SMIC യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. അതേസമയം, ഫോണിന്റെ പ്രത്യേകതകളും ഘടകങ്ങളും വിവരിക്കാന്‍ വാവേ തയ്യാറായില്ല.

Top