പൊന്നാനിയിൽ യുവ നേതാവിനെ ഇറക്കി അട്ടിമറി ജയത്തിന് സി.പി.എം, കോൺഗ്രസ്സ് ഒപ്പമുള്ളതും മുസ്ലീംലീഗിന് വെല്ലുവിളി

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായ വസീഫ്… പൊന്നാനിയില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ, കടുത്ത ആശങ്കയിലായിരിക്കുന്നതിപ്പോള്‍ മുസ്ലിംലീഗാണ്. സിറ്റിംഗ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീര്‍ , അതല്ലെങ്കില്‍ അബ്ദു സമദ് സമദാനി എന്നിവരില്‍ ഒരാളെ മത്സരിപ്പിക്കാനാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്. ഇവരില്‍ ആര് തന്നെ മത്സരിച്ചാലും , ഒരു യുവനേതാവിനെ രംഗത്തിറക്കുന്നതിന്റെ ആനുകൂല്യം ഇടതുപക്ഷത്തിനാണ് ലഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം, പതിനായിരത്തില്‍ താഴെ ലീഡ് ഒതുങ്ങിയതാണ് , പൊന്നാനി വിട്ട് മലപ്പുറത്തേക്ക് കൂട് മാറാന്‍ ഇടിയെ പ്രേരിപ്പിക്കുന്നത്. കടുത്ത മത്സരം നേരിടേണ്ടി വരുമെന്നതിനാല്‍ , പൊന്നാനിയില്‍ പോയി മത്സരിക്കാന്‍ , മലപ്പുറം എം.പിയായ സമദാനിക്കും താല്‍പ്പര്യമില്ല. ഇരുവരും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈ കൊള്ളാന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വിട്ടിരിക്കുകയാണ്. ഇനി അദ്ദേഹമാണ് തീരുമാനം പ്രഖ്യാപിക്കുക.

മത്സരിക്കാന്‍ മൂന്നാമതൊരു സീറ്റുകൂടി വേണമെന്ന ലീഗ് ആവശ്യം കോണ്‍ഗ്രസ്സ് തള്ളിയതിനാല്‍ , ലീഗിലെ യുവ തുര്‍ക്കികളും നിരാശരാണ്. മൂന്നാമതൊരു സീറ്റ് ലഭിച്ചാല്‍ , യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന് നറുക്ക് വീഴുമെന്ന പ്രതീക്ഷയാണ് തകര്‍ന്നിരിക്കുന്നത്. പൊന്നാനിയില്‍ മത്സരിക്കാനും, ഈ യൂത്ത് ലീഗ് നേതാവിന് താല്‍പ്പര്യമുണ്ടെങ്കിലും , ലീഗ് നേതൃത്വം പരീക്ഷണത്തിന് തയ്യാറല്ലന്നാണ് ലഭിക്കുന്ന വിവരം. ഇ.ടി അല്ലെങ്കില്‍ സമദാനി പൊന്നാനിയില്‍ മത്സരിക്കട്ടെ എന്നാണ്, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെയും നിലപാട്. ഈ നിലപാട് തന്നെയാണ് ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കുമുള്ളത്. അതുകൊണ്ട് തന്നെ തീരുമാനവും വൈകാതെയുണ്ടാകും.

ലീഗ് സ്ഥാനാര്‍ത്ഥിക്ക് എതിരാളിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനെ രംഗത്തിറക്കുന്ന സി.പി.എമ്മും , കടുത്ത പോരാട്ടത്തിനാണ് പോര്‍മുഖം തുറന്നിരിക്കുന്നത്. മണ്ഡലത്തിലെ നിര്‍ണ്ണായക വോട്ടുബാങ്കായ യുവജനങ്ങളില്‍ , വസീഫിന് സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നാണ് , സി.പി.എം വിലയിരുത്തുന്നത്. മാത്രമല്ല , സമസ്ത നേതൃത്വത്തിന് ലീഗിന്നോടുള്ള താല്‍പ്പര്യ കുറവും , ഇടതുപക്ഷത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന എ.പി വിഭാഗം സുന്നികള്‍ക്കു പുറമെ , സമസ്തയിലെ ഒരു വിഭാഗത്തിന്റെ കൂടി വോട്ടുകള്‍ കൂടി ലഭിച്ചാല്‍ , പൊന്നാനിയെ പൊന്നരിവാള്‍ കൊയ്യുമെന്നതാണ് ചുവപ്പിന്റെ പ്രതീക്ഷ.

സി.പി.എമ്മിന്റെ സകല സംഘടനാ സംവിധാനവും ഏറ്റവും ശക്തമായി തന്നെ ഇത്തവണ വസീഫിനായി പ്രവര്‍ത്തിക്കും. ഡി. വൈ.എഫ്.ഐ പ്രസിഡന്റാണ് സ്ഥാനാര്‍ത്ഥി എന്നതിനാല്‍ , ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊന്നാനിയില്‍ തമ്പടിച്ച് പ്രവര്‍ത്തിക്കും. ഇതിനു പുറമെ , എസ്.എഫ്.ഐ പ്രവര്‍ത്തകരും, ഇത്തവണ സജീവമായി പ്രചരണ രംഗത്തുണ്ടാകും.

സംസ്ഥാന രാഷ്ട്രീയം മുതല്‍ ദേശീയ രാഷ്ട്രീയംവരെ സജീവ ചര്‍ച്ചയാകുമെങ്കിലും, ഏറ്റവും കൂടുതല്‍ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് , കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥയും , അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ലീഗിന്റെ പ്രസക്തിയുമാകും. മുന്‍ മുഖ്യമന്ത്രിമാരും…എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ , വരിവരിയായി ബി.ജെ.പിയില്‍ ചേക്കേറുന്നതിന് , പൊന്നാനിയിലും മലപ്പുറത്തും മറുപടി പറയേണ്ടി വരിക മുസ്ലീംലീഗാണ്. ഇത്തരമൊരു സാഹചര്യത്തില്‍, രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞാല്‍ , അവരുടെ അണികള്‍ തന്നെയാണ് ആദ്യം പുച്ചിച്ച് തള്ളുക.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച് , കേരളം നല്‍കിയ വലിയ പിന്തുണയിലാണ് , 20-ല്‍ 19 സീറ്റുകളും കഴിഞ്ഞ തവണ യു.ഡി.എഫ് തൂത്ത് വാരിയിരുന്നത്. ഇത്തവണ , ആ പരിപ്പ് എന്തായാലും , കേരളത്തില്‍ വേവാന്‍ പോകുന്നില്ല.

ഇവിടെയാണ് , സി.പി.എം തന്ത്രപരമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. ഇടതുപക്ഷം വോട്ട് പിടിക്കുവാന്‍ പോകുന്നത് ‘നാളെ ഇന്ത്യ ഭിരിക്കുമെന്ന് ‘പറഞ്ഞല്ല. മറിച്ച് പിടഞ്ഞ് മരിക്കേണ്ടി വന്നാല്‍ പോലും , തങ്ങള്‍ കാവി പാളയത്തില്‍ എത്തില്ലന്ന ഉറപ്പാണ്, സി.പി.എം വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. ഇങ്ങനെ ഒരുറപ്പ് നല്‍കാന്‍ കോണ്‍ഗ്രസ്സിനു കഴിയുമോ എന്ന ചോദ്യം സി.പി.എം ഉയര്‍ത്തുമ്പോള്‍ , പകച്ചു നില്‍ക്കുന്നത് ലീഗ് നേതൃത്വം കൂടിയാണ്. ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ , കോണ്‍ഗ്രസ്സ് നേതാക്കളുടെ ബി.ജെ.പി പ്രവേശനമാണ് ഇടം പിടിക്കുന്നത് എന്നതിനാല്‍ , കണ്ണടച്ച് ഇരുട്ടാക്കാന്‍ , എത്ര ശ്രമിച്ചാലും ലീഗിനും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട് , പരിവാര്‍ ഭാഷയില്‍ സംസാരിച്ച ലീഗ് അദ്ധ്യക്ഷന്റെ നടപടി പോലും , പൊന്നാനി ലോകസഭ മണ്ഡലത്തില്‍ , വലിയ രൂപത്തിലാണ് പ്രതിഫലിച്ചിരിക്കുന്നത്. ലീഗ് നേതാക്കള്‍ക്കു മാത്രമല്ല , അവരുടെ അണികള്‍ക്കു പോലും , ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പാണുള്ളത്. സമസ്തയിലും , അത് പ്രകടമാണ്.

ഈ പോക്ക് പോയാല്‍ , വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ , പ്രതിപക്ഷ സഖ്യം രാജ്യം ഭരിക്കുമെന്ന പ്രതീക്ഷയൊന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇപ്പോഴില്ല. അവര്‍ പ്രധാനമായും നോക്കുന്നത് , തങ്ങള്‍ നില്‍ക്കുന്ന മണ്ണിലെ സുരക്ഷിതത്വമാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ , കേരളത്തില്‍ , യു.ഡി.എഫ് ഭരണത്തിന്‍ കീഴില്‍ ഉണ്ടാകുന്നതിനേക്കാള്‍ സുരക്ഷിതത്ത്വ ബോധം , മതന്യൂനപക്ഷങ്ങള്‍ക്കുള്ളത് , ഇടതുപക്ഷ ഭരണത്തിന്‍ കീഴിലാണ്. അതിന് എണ്ണിയെണ്ണി പറയാനും , ഉദാഹരണങ്ങള്‍ നിരവധിയാണ്.

UDF

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയുമായി വന്നപ്പോള്‍ , ആ നിയമം നടപ്പാക്കില്ലന്ന് , രാജ്യത്ത് ആദ്യം പ്രഖ്യാപിച്ച സംസ്ഥാന ഭരണകൂടം, ഇടതുപക്ഷ കേരളമാണ്. ഇതു സംബന്ധമായി കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയ ശേഷമാണ് , പശ്ചിമ ബംഗാളില്‍ പോലും , പ്രമേയം അവതരിപ്പിച്ചിരുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം നടന്നതും കേരളത്തിലാണ്. ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ശ്യംഖലയില്‍ 80 ലക്ഷത്തോളം പേരാണ് പങ്കെടുത്തിരുന്നത്. ഇതില്‍ സകല മത വിഭാഗങ്ങളില്‍പ്പെട്ടവരും വിദ്യാര്‍ത്ഥികളും സ്ത്രീകളും എല്ലാം ഉള്‍പ്പെടും. ഏറ്റവും ഒടുവില്‍ കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ മോദിയുടെ മൂക്കിന് താഴെ സമരം നടത്തിയത് , മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ്. ഇതേ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ കേരളത്തില്‍ സൃഷ്ടിച്ച മനുഷ്യചങ്ങലയും വന്‍ വിജയമായാണ് മാറിയിരുന്നത്. ആ സമരത്തിന് നേതൃത്വം കൊടുത്ത വസീഫ് പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ , അത് ലീഗിനും യു.ഡി.എഫിനും ഉയര്‍ത്തുന്ന ഭീഷണിയും ചെറുതല്ല.

മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും , ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെയും , ശക്തമായ പോര്‍മുഖമാണ് ഇടതുപക്ഷം തുറന്നിരുന്നത്. അതിപ്പോഴും തുടരുകയുമാണ്. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് കമ്യൂണിസ്റ്റു പ്രത്യയ ശാസ്ത്രം. ഈ പക നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയല്ലാതെ , ഒരു തരത്തിലും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ , കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതല്ല. ബി.ജെ.പിയെയും സംഘപരിവാര്‍ സംഘടനകളെയും എതിര്‍ത്തവര്‍ തന്നെ, കൂട്ടത്തോടെയാണ് കൂട് വിട്ട് ബി.ജെ.പിയില്‍ ചേക്കേറുന്നത്. കോണ്‍ഗ്രസ്സിനു പുറമെ , കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒഴികെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നു പോലും , വല്ലാത്തൊരു ഒഴുക്കാണ് ബി.ജെ.പിയിലേക്കുള്ളത്. കേന്ദ്ര ഭരണത്തിന്റെ അധികാരദണ്ഡും , പദവി വാഗ്ദാനവും ചൂണ്ടിക്കാട്ടിയാണ്, ഓപ്പറേഷന്‍ താമര ബി.ജെ.പി നടപ്പാക്കി കൊണ്ടിരിക്കുന്നത്. മൂന്നാം ഊഴവും മോദിക്ക് ലഭിച്ചാല്‍ , തീര്‍ച്ചയായും , കോണ്‍ഗ്രസ്സ് ഭരിക്കുന്ന , അവശേഷിക്കുന്ന മൂന്ന് സംസ്ഥാനങ്ങളും , ആ പാര്‍ട്ടിയെ കൈവിടും. കര്‍ണ്ണാടക സര്‍ക്കാറിനെ വീഴ്ത്തുക എന്നത് , ബി.ജെ.പിയുടെ പ്രധാന അജണ്ടയാണ്. ഇതോടൊപ്പം തന്നെ , തെലങ്കാന , ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും , ഓപ്പറേഷന്‍ താമര വ്യാപിക്കും. കേന്ദ്രത്തില്‍ മൂന്നാമതും , ബി.ജെ.പി വരുമെന്ന് കണ്ടാല്‍ , ആദ്യം മറുകണ്ടം ചാടാന്‍ പോകുന്നതു തന്നെ, കോണ്‍ഗ്രസ്സ് എം.എല്‍.എമാരാകും. തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഈ അടിഒഴുക്ക് സൂചിപ്പിക്കുന്നതും അതു തന്നെയാണ്. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള , ഉന്നതരായ സ്വന്തം നേതാക്കളെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത നെഹറു കുടുംബത്തിന് , കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസഥാനങ്ങളിലെ എം.എല്‍.എമാരെയും , ഒരിക്കലും പിടിച്ചു നിര്‍ത്താന്‍ കഴിയുകയില്ല. അതാകട്ടെ , വൈകിയാണെങ്കിലും…. ന്യൂനപക്ഷ വിഭാഗങ്ങളും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവ് തന്നെയാണ് യു.ഡി.എഫ് നേതാക്കളുടെ ഉറക്കവും കെടുത്തിയിരിക്കുന്നത്.

ബി.ജെ.പിയെ എല്ലാ രൂപത്തിലും നേരിടാനുള്ള കരുത്ത് , നിലവില്‍ കേരളത്തില്‍ സി.പി.എമ്മിനു മാത്രമാണുള്ളത്. സി. പി. എമ്മില്‍ നിന്ന് ഒരു എം.എല്‍.എയെ പോലും അടര്‍ത്തിയെടുക്കാന്‍ , ബി.ജെ.പിക്ക് കഴിയുകയില്ല. പശ്ചിമ ബംഗാളില്‍ , മമതയുടെ തൃണമൂല്‍ നേതാക്കള്‍ ഒന്നടങ്കം കാവിയണിഞ്ഞപ്പോഴും , കേരളത്തില്‍ നിന്നും ഒരു സി.പി.എം നേതാവിനെ പോലും അടര്‍ത്തിയെടുക്കാന്‍ , ബി.ജെ.പിയ്ക്ക് കഴിഞ്ഞിട്ടില്ല. അതാണ് കമ്യൂണിസ്റ്റുകളുടെ പ്രത്യയശാസ്ത്ര ബോധം. സംസ്ഥാന ഭരണകൂടത്തെ , കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടാല്‍ പോലും , തകര്‍ക്കാന്‍ കഴിയാത്ത കരുത്താണത്. ഇടതുപക്ഷ സര്‍ക്കാറിനെ പിരിച്ചു വിടുക എന്ന അജണ്ട , ബി.ജെ.പി മാറ്റി വച്ചതു തന്നെ…എത്രതവണ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തിയാലും , കൂടുതല്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നു കണ്ടാണ്. മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വോട്ട് ബാങ്കായ ഹൈന്ദവ വിഭാഗങ്ങള്‍ , കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പമാണുള്ളത്. കൃത്യമായി പറഞ്ഞാല്‍, സി.പി.എമ്മിന്റെ ശക്തമായ ബഹുജന അടിത്തറയാണിത്. ഇതോടൊപ്പം , ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ അണിചേര്‍ന്നതും , ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറയെ വിപുലപ്പെടുത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന് തുടര്‍ ഭരണം സാധ്യമായതും , അതു കൊണ്ടാണ്. ആ ചരിത്രം ലോകസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. കഴിഞ്ഞ തവണ കേരളത്തില്‍ നിന്നും യു.ഡി.എഫ് നേടിയ 19 സീറ്റുകള്‍ കുത്തനെ ഇടിഞ്ഞാല്‍ , കോണ്‍ഗ്രസ്സ് മാത്രമല്ല , ലീഗും വലിയ പ്രതിസന്ധിയിലാകും. പിന്നെ ലീഗിനും യു.ഡി.എഫില്‍ തുടരാന്‍ കഴിയുകയില്ല. പൊന്നാപുരം കോട്ടയായ പൊന്നാനി കൂടി ലീഗിനെ കൈവിട്ടാല്‍ , ഇടതുപക്ഷ ‘ബര്‍ത്തെന്ന’ അവസാനത്തെ സ്വപ്നവും, സ്വപ്നമായാണ് അവശേഷിക്കുക. അത്തരമൊരു സാഹചര്യത്തില്‍ , ലീഗിനെ പിളര്‍ത്താനാണ് പ്രധാനമായും സി.പി.എം ശ്രമിക്കുക. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും , അതു തന്നെയാണ് . . .

EXPRESS KERALA VIEW

Top