സൂറിച്ച്: ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാരായ ബാഴ്‌സലോണയ്ക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ആണ് ബാഴ്‌സലോണയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫില്‍ സിറ്റ്‌സര്‍ലന്‍ഡ് ക്ലബ് യങ് ബോയ്‌സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വിസ് ക്ലബിന്റെ ജയം.
ബാഴ്‌സ ഹോം ഗ്രൗണ്ടായ ന്യൂകാമ്പില്‍ നടന്ന മത്സരത്തിലാണ് ബാഴ്‌സ ബയേണിനോട് നാണംകെട്ട തോല്‍വി വഴങ്ങിയത്. 34ആം മിനിട്ടില്‍ തോമസ് മുള്ളറാണ് ജര്‍മ്മന്‍ പടയ്ക്കായി ഗോള്‍ വേട്ട ആരംഭിച്ചത്. 56, 85 മിനിട്ടുകളില്‍ ടെര്‍ സ്റ്റേഗനെ കീഴടക്കിയ റൊബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി വിജയം ആധികാരികമാക്കി. സമസ്ത മേഖലകളിലും പിന്നാക്കം പോയ ബാഴ്‌സക്കായി യുവതാരങ്ങള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അടുത്തിടെ ടീമിലെത്തിച്ച ഡച്ച് മുന്നേറ്റ താരം ലുക്ക് ഡിയോങ് ഏറെ നിരാശപ്പെടുത്തി.
2020 ചാമ്പ്യന്‍സ് ട്രോഫി ക്വാര്‍ട്ടറിനു ശേഷം ഇതാദ്യമായി ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടുന്ന മത്സരമായിരുന്നു ഇത്. അന്നത്തെ ബാഴ്‌സയെ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണ്‍ തകര്‍ത്തിരുന്നു.