ചാമ്പ്യന്‍സ് ലീഗ്; ചെല്‍സി-റയല്‍ പോരാട്ടം ഇന്ന്

സ്റ്റാഫോര്‍ഡ് ബ്രിഡ്ജ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ചെല്‍സിയും റയല്‍ മാഡ്രിഡും ഇന്ന് ഏറ്റുമുട്ടും. ചെല്‍സിയുടെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. പതിനേഴാം ഫൈനലും പതിനാലാം കിരീടവും ലക്ഷ്യമിട്ടാണ് റയല്‍ മാഡ്രിഡ് ഇറങ്ങുന്നത്. അതേസമയം മൂന്നാം ഫൈനലും രണ്ടാം കിരീടവും ഉന്നമിട്ട് ചെല്‍സിയും രംഗത്തിറങ്ങും.

ഇന്നത്തെ വിജയികള്‍ കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. സിനദിന്‍ സിദാന്റെയും തോമസ് ടുഷേലിന്റെയും തന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി കളത്തിൽ മാറ്റുരയ്ക്കപ്പെടും. റയലിന്റെ മൈതാനത്ത് ആദ്യപാദത്തില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനില നേടി.

ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഗോളിന് മുന്നിലെത്തിയ ചെല്‍സിക്കെതിരെ റയല്‍ ഒപ്പമെത്തിയത് കരീം ബെന്‍സേമയിലൂടെയാണ്. സമനിലയോടെ മടങ്ങിയെങ്കിലും എവേ ഗോളിന്റെ മുന്‍തൂക്കം ചെല്‍സിക്കുണ്ട്.
പരിക്കേറ്റ ഡിഫന്‍ഡര്‍ റാഫേല്‍ വരാന്‍ കളിക്കില്ലെങ്കിലും ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും ഫെര്‍ലാന്‍ഡ് മെന്‍ഡിയും ഫെഡെ വെല്‍വേര്‍ദയും തിരിച്ചെത്തിയത് സിദാന് ആശ്വാസമാവും. കരീം ബെന്‍സേമയുടെ സ്‌കോറിംഗ് മികവിനെയാണ് റയല്‍ ഉറ്റുനോക്കുന്നത്.

മധ്യനിരയില്‍ എന്‍ഗോളെ കാന്റെ, ബെന്‍ ചില്‍വെല്‍ എന്നിവരുടെ പ്രകടനവും ചെല്‍സിക്ക് നിര്‍ണായകമാവും. റയലും ചെല്‍സിയും ഇതിന് മുന്‍പ് നാല് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ചെല്‍സി ഒറ്റക്കളിയിലും ജയിച്ചിട്ടില്ല. റയല്‍ രണ്ടില്‍ ജയിച്ചപ്പോള്‍ രണ്ടുമത്സരം സമനിലയില്‍ അവസാനിച്ചു.

 

Top