ഇസ്താംബൂള്‍: യുവേഫ ചാന്പ്യന്‍സ് ലീഗ് ജേതാക്കളെ ഇന്നറിയാം. കിരീടപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും ഏറ്റുമുട്ടും. ഇസ്താംബൂളില്‍ ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ തൊടാനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി. ആദ്യകിരീടത്തിനായി പ്രീമിയര്‍ ലീഗ് ചാംപ്യന്മാര്‍ ഇറങ്ങുമ്പോള്‍ എതിരാളികളായി മുന്നിലുള്ളത് ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍. ഇന്ററിന്റെ ലക്ഷ്യം നാലാം കിരീടം. സെമിയില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് സിറ്റി ഫൈനലില്‍ എത്തിയത്. ഇന്റര്‍ സെമിയില്‍ മറികടന്നത് നഗരവൈരികളായ എ സി മിലാനെ.
പ്രീമിയര്‍ ലീഗും എഫ് എ കപ്പും ഷെല്‍ഫിലെത്തിച്ച സിറ്റി ഉന്നമിടുന്നത് സീസണിലെ മൂന്നാം കിരീടം. ഗോളടിച്ച് കൂട്ടുന്ന എര്‍ലിംഗ് ഹാലന്‍ഡും കളത്തിലിറങ്ങിയപ്പോഴെല്ലാം ഗോള്‍ നേടിയിട്ടുള്ള ജൂലിയന്‍ അല്‍വാരസും. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ മികവുള്ള കെവിന്‍ ഡിബ്രൂയ്‌നും ഇല്‍കായ് ഗുണ്ടോഗനും. കളിനിയന്ത്രിക്കാന്‍ ബെര്‍ണാര്‍ഡോ സില്‍വയും റോഡ്രിയും വിംഗുകളിലൂടെ പറക്കാന്‍ ജാക് ഗ്രീലിഷും. പ്രതിരോധത്തില്‍ വാക്കറും ഡിയാസും അകാന്‍ജിയും സ്റ്റോണ്‍സും.
ചോരാത്ത കൈകളുമായി പോസ്റ്റിന് മുന്നില്‍ എഡേഴ്‌സണ്‍. ഇവര്‍ക്കൊപ്പം പെപ് ഗാര്‍ഡിയോളയുടെ കണിശതന്ത്രങ്ങള്‍കൂടി ചേരുമ്പോള്‍ള്‍ സിറ്റി ആരാധകര്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. സിമോന്‍ ഇന്‍സാഗിയുടെ ശിക്ഷണത്തില്‍ ഇറങ്ങുന്ന ഇന്ററിനായി ഗോളടിക്കാന്‍ ലൗറ്ററോ മാര്‍ട്ടിനസും റൊമേലു ലുക്കാക്കുവും എഡിന്‍ സേക്കോയുമുണ്ട്. ഗോള്‍ വഴങ്ങാന്‍ മടിയുള്ള ആന്ദ്രേ ഒനാന പോസ്റ്റിലെത്തുമ്പോള്‍ മുന്നില്‍ കോട്ടകാക്കാന്‍ ഡാര്‍മിയനും അകെര്‍ബിയും ബസ്റ്റോണിയും.
മധ്യനിരയില്‍ ഡുംഫ്രൈസ്, ബരെല്ല, മഖതറിയാന്‍, കഹാനോഗ്ലു എന്നിവരും ചേരുന്‌പോള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഉഗ്രന്‍ പോരാട്ടം പ്രതീക്ഷിക്കാം. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ സിറ്റിയും ഇന്ററും നേര്‍ക്കുനേര്‍ വരുന്നതും ആദ്യം.