ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ ലിവര്‍പൂളിനു ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പ്രീമിയര്‍ ലീഗ് ക്ലബിന്റെ ജയം. ഗ്രൂപ്പ് ബിയില്‍ അത്ലറ്റികോ മാഡ്രിഡിന്റെ തട്ടകത്തില്‍ നടന്ന ആവേശകരമായ മത്സരത്തിലാണ് ലിവര്‍പൂള്‍ വിജയം കുറിച്ചത്.
അത്ലറ്റികോ മാഡ്രിഡിനായി അന്റോയിന്‍ ഗ്രീസ്മാനും ലിവര്‍പൂളിനു വേണ്ടി മുഹമ്മദ് സലയും ഇരട്ട ഗോളുകള്‍ നേടി. നബി കീറ്റയാണ് ലിവര്‍പൂളിനായി മൂന്നാം ഗോള്‍ നേടിയത്. ഇരട്ട ഗോളിനൊപ്പം അന്റോയിന്‍ ഗ്രീസ്മാനു ചുവപ്പ് കാര്‍ഡ് കൂടി ലഭിച്ചതാണ് മാഡ്രിഡിന്റെ താളം തെറ്റിച്ചത്.
മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ സലയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. അത്ലറ്റികോ മാഡ്രിഡിന്റെ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്നായിരുന്നു സലയുടെ ഗോള്‍. 13ആം മിനിട്ടില്‍ ലിവര്‍പൂള്‍ അടുത്ത വെടിപൊട്ടിച്ചു. ബോക്‌സിനു പുറത്തുനിന്നുള്ള ഒരു തകര്‍പ്പന്‍ വോളിയിലൂടെ നബി കീറ്റ ലിവര്‍പൂളിന്റെ ലീഡ് ഇരട്ടിയാക്കി. 7 മിനിട്ടുകള്‍ക്കുള്ളില്‍ അത്ലറ്റികോ മാഡ്രിഡ് തിരിച്ചടിച്ചു.
കോകെയുടെ അസിസ്റ്റില്‍ നിന്ന് ഗ്രീസ്മാന്‍ ആണ് ഗോള്‍ നേടിയത്. 34ആം മിനിട്ടില്‍ ഗ്രീസ്മാനിലൂടെത്തന്നെ അത്ലറ്റികോ മാഡ്രിഡ് സമനില പിടിച്ചു. ജാവോ ഫെലിക്‌സിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. ആദ്യ പകുതി ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
52ആം മിനിട്ടില്‍ ഫെര്‍മീനോയ്‌ക്കെതിരായ ഫൗള്‍ ഗ്രീസ്മാന് മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്‍കിയത് മാഡ്രിഡിനു കനത്ത തിരിച്ചടിയായി. 76ആം മിനിട്ടില്‍ ജോട്ടയെ ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച സല രണ്ടാം ഗോളും ലിവര്‍പൂളിന്റെ ജയവും ഉറപ്പിച്ചു.