ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഇറങ്ങുന്നു. ഫ്രഞ്ച് ക്ലബ്ബ് ലില്ലാണ് എതിരാളി. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് സ്പാനിഷ് ടീം വിയ്യാറയലുമായി കൊമ്പുകോര്‍ക്കും. ആദ്യപാദത്തിലെ രണ്ടു മത്സരങ്ങളും ഇന്ന് രാത്രി 1.30-നാണ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കുതിപ്പും ക്ലബ്ബ് ലോകകപ്പ് നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ചെല്‍സിക്കുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ അവസാനം കളിച്ച 19 മത്സരത്തില്‍ 17-ലും ടീം തോല്‍വിയറിഞ്ഞിട്ടില്ല. പരിക്കുള്ള മേസണ്‍ മൗണ്ട്, സെസാര്‍ ആസ്പിലിക്യൂട്ട, റീസെ ജെയിംസ്, ബെന്‍ചില്‍വെല്‍ എന്നിവര്‍ ടീമിലുണ്ടാകില്ല. ഹക്കിം സിയെച്ച്, ക്രിസ്റ്റ്യന്‍ പുലിസിച്ച്, തിമോ വെര്‍ണര്‍ എന്നിവരെയാണ് പരിശീലകന്‍ തോമസ് ടുച്ചല്‍ മുന്നേറ്റത്തിലേക്ക് പരിഗണിക്കുന്നത്. മധ്യനിരയില്‍ കൊവാസിച്ച്, ജോര്‍ജീന്യോ, എന്‍ഗോളെ കാന്റെ എന്നിവര്‍ ഇറങ്ങും. സെന്‍ട്രല്‍ ഡിഫന്‍സില്‍ തിയാഗോ സില്‍വയും അന്റോണിയോ റുഡിഗറും ഇറങ്ങും.
അവസാന മൂന്നു മത്സരങ്ങളിലും ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ലില്‍ ബൂട്ടുകെട്ടുന്നത്. ബുറാക് യില്‍മസ്-ജോനാഥന്‍ ഡേവിഡ് സഖ്യമായിരിക്കും ലില്‍ മുന്നേറ്റത്തില്‍ കളിക്കുന്നത്.