കൊറോണ ഭീതി; ചാമ്പ്യന്‍സ് ലീഗ് യൂറോപ ലീഗ് ഫൈനലുകള്‍ നീട്ടി വെച്ചു

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വ്യാപനത്തെ തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗ് യൂറോപ ലീഗ് ഫൈനലുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടി വെച്ചതായി യുവേഫ.

ലോകമൊട്ടാകെയും പ്രത്യേകിച്ച് യൂറോപ്പിലും വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി കൈക്കൊള്ളാന്‍ യുവേഫ തീരുമാനിച്ചത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളും യൂറോ 2020യും നീട്ടിവെച്ചതിന് പിന്നാലെയാണ് നടപടി.

മെയ് 30ന് ഇസ്താംബൂളിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കേണ്ടിയിരുന്നത്. മെയ് 27ന് പോളണ്ടിലെ ഡാന്‍സിഗായിരുന്നു യൂറോപ കപ്പിന്റെ ഫൈനലും. പുതുക്കിയ ദിവസത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് യുവേഫ അറിയിച്ചിരിക്കുന്നത്.

അതേസമയം നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി ഫുട്‌ബോളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന സൂചന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ നല്‍കിയിരുന്നു. ടൂര്‍ണ്ണമെന്റുകളുടേയും കളികളുടേയും ടീമുകളുടേയും എണ്ണം കുറക്കാനുള്ള നടപടിയും പരിഗണനയിലാണെന്നാണ് ഫിഫ പ്രസിഡന്റ് അറിയിക്കുന്നത്.

കൊറോണ ഭീതിയെ തുടര്‍ന്ന് യൂറോ 2020 ഒരു വര്‍ഷത്തേക്കാണ് നീട്ടിവെച്ചത്. പ്രീമിയര്‍ ലീഗ് അടക്കമുള്ള യൂറോപിലെ പ്രധാന ഫുട്‌ബോള്‍ ലീഗുകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. മാത്രമല്ല ലാ ലിഗ അടക്കം സ്‌പെയിനിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Top