ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ; വീണ്ടും പരാജയം ഏറ്റുവാങ്ങി പാക്കിസ്ഥാന്‍

pakisthan-hockey

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഒരിക്കല്‍ കൂടി തോല്‍വിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ നെതര്‍ലാന്റ്‌സിനോട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പാക്കിസ്ഥാന്‍ പരാജയപ്പെട്ടത്.

ഇരു പകുതികളിലായി രണ്ട് വീതം ഗോള്‍ നേടിയാണ് നെതര്‍ലാന്റ്‌സ് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. 25ാം മിനുട്ടില്‍ റോബര്‍ട്ട് കെംപെര്‍മാനാണ് ഗോള്‍ സ്‌കോറിംഗിനു ആരംഭം കുറിച്ചത്. 29ാം മിനുട്ടില്‍ വാലെന്റീന്‍ വെര്‍ഗ നേടിയ ഗോളില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 20നു ആതിഥേയര്‍ ലീഡ് ചെയ്തു.

മത്സരത്തിന്റെ 47ാം മിനുട്ടില്‍ തിജ്‌സ് വാന്‍ ഡാമും 50ാം മിനുട്ടില്‍ മിര്‍ക്കോ പ്രൂയിജ്‌സറും ഗോള്‍ സ്‌കോറിംഗ് പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ നെതര്‍ലാന്റ്‌സ് 4-0നു വിജയം നേടി.

നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോടും പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട പാക്കിസ്ഥാനാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാനം. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

Top