ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിലെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുന്ന കോഹ്ലിയും സംഘവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മറുവശത്ത് പാകിസ്താനാകട്ടെ ആവേശജയങ്ങളുടെ കരുത്തില്‍ ഇന്ത്യയെ കീഴടക്കി കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലുമാണ്.
കെന്നിംഗ് ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മുതലാണ് കലാശപ്പോരാട്ടം. ടൂര്‍ണമെന്റില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ പാക്കിസ്ഥാനെ 124 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഐസിസി ടൂര്‍ണമെന്റിലെ 6 ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് പോരാട്ടങ്ങളിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
ഇതുവരെ നടന്ന 128 ഇന്ത്യാ-പാക് ഏകദിനത്തില്‍ 72 എണ്ണത്തില്‍ പാക്കിസ്ഥാനും 52 എണ്ണത്തില്‍ ഇന്ത്യയും വിജയം കണ്ടിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ ഏറ്റുമുട്ടിയ 4 മത്സരങ്ങളില്‍ ഇരുക്കൂട്ടരും 2 വീതം ജയം നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ രണ്ട് തവണ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും പാക്കിസ്ഥാന് ഇതുവരെ കിരീടത്തില്‍ മുത്തമിടാനായിട്ടില്ല.