പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ബി.എസ്.എഫ് ജവാന്റെ കുടുംബം

ദോറിയ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പാക് സൈന്യം കൊലപ്പെടുത്തിയ ബി.എസ്.എഫ് ഹെഡ് കോസ്റ്റബിള്‍ പ്രേം സാഗറിന്റെ കുടുംബം.

ഇതുസംബന്ധിച്ച നിവേദനം പ്രധാനമന്ത്രിക്ക് പ്രേം സാഗറിന്റെ കുടുംബം കൈമാറി.

”ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ഒരു പട്ടാളക്കാരന്റെ കുടുംബത്തിന്റെ വേദന സര്‍ക്കാര്‍ മനസ്സിലാക്കണം. പാകിസ്താനുമായി കളിക്കാതിരിക്കുക മാത്രമല്ല, ആ രാജ്യവുമായി ഒരു ബന്ധവും ഇന്ത്യ പുലര്‍ത്തരുത്” പ്രേം സാഗറിന്റെ മകന്‍ ഈശ്വര്‍ ചന്ദ്ര വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും പാകിസ്താനെതിരെ ഇന്ത്യ കളിക്കില്ലെന്ന് ബി.സി.സി.ഐ ഉറപ്പു വരുത്തണമെന്നും ഈശ്വര്‍ ചന്ദ്ര പറഞ്ഞു.

കഴിഞ്ഞ മാസമാണ് ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക് സൈന്യത്തിന്റെ ചതിയില്‍പ്പെട്ട് പ്രേം സാഗറും മറ്റൊരു ബി.എസ്.എഫ് ഹെഡ് കോസ്റ്റബിളും കൊല്ലപ്പെട്ടത്. നിയന്ത്രണരേഖ കടന്ന് 250 മീറ്ററോളം ഉള്ളിലായി ഒളിച്ചിരുന്ന പാക് സൈന്യം പട്രോളിങ് നടത്തുകയായിരുന്ന ഇരുവര്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വികലമാക്കുകയും തലവെട്ടി മാറ്റുകയും ചെയ്തിരുന്നു.

Top