അടുത്ത രാഷ്ട്രപതി ആര്? പരിഗണനയില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് ഖാനും

ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായില്‍ അവസാനിക്കാനിരിക്കേ പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേരും പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാക്കളായ അനുസൂയ ഉയ്കേ, ദ്രൗപതി മുര്‍മു, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹ്ലോത്ത് തുടങ്ങിയവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന.

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനുള്ള നീക്കങ്ങള്‍ ബിജെപിയില്‍ നിലവില്‍ നടന്നുവരികയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും തീരുമാനം ഉണ്ടാകുക. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരിക്കും.

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണിലും വോട്ടെടുപ്പ് ജൂലായിലും നടന്നേക്കും. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഇപ്പോഴത്തെ അധികാരനില വെച്ച് രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പ്രയാസങ്ങളേതുമില്ല. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്ക്കോ സഖ്യമായോ അധികാരത്തിലുണ്ട്. രാംനാഥ് കോവിന്ദിന് രാഷ്ട്രപതി സ്ഥാനത്ത് രണ്ടാമൂഴം നല്‍കാന്‍ ഇടയില്ലെന്നാണ് സൂചന.

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ബിജെപിയുടെ പ്രഥമ പരിഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ സുപ്രധാന മുഖമാണ് മുന്‍ ദേശീയാധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു. ദളിത് വിഭാഗത്തില്‍നിന്നുള്ള രാംനാഥ് കോവിന്ദിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നതുപോലെ ഇത്തവണയും പാര്‍ശ്വവത്കൃത വിഭാഗത്തില്‍നിന്നുള്ള ആളെത്തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനും ബിജെപിയില്‍ ആലോചന നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാക്കളായ അനുസൂയ ഉയ്കേ, ദ്രൗപതി മുര്‍മു എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍നിന്നുള്ള അനുസൂയ ഉയ്കേ ഛത്തീസ്ഗഢ് ഗവര്‍ണറും ഒഡീഷയില്‍ മന്ത്രിയായിരുന്ന ദ്രൗപതി മുര്‍മു ഝാര്‍ഖണ്ഡ് ഗവര്‍ണറുമാണ്. വനിത, പട്ടികര്‍വര്‍ഗം എന്നീ പരിഗണനകളിലാണ് ഇവരുടെ പേരുകള്‍ പട്ടികയിലുള്ളത്.

കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹ്ലോത്ത്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരുടെ പേരുകളും ബിജെപിയുടെ പരിഗണനാ പട്ടികയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു ദളിത് നേതാവായ തവാര്‍ചന്ദ് ഗഹ്ലോത്ത് രാജ്യസഭാംഗവുമായിരുന്നു.

മുസ്ലിംവിഭാഗത്തില്‍നിന്നുള്ള ആരിഫ് മുഹമ്മദ് ഖാനെ ബിജെപിക്ക് ന്യൂനപക്ഷ മുഖമായി അവതരിപ്പിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ ഹിന്ദുത്വ നിലപാടുകള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. 2019 സെപ്തംബര്‍ മുതല്‍ കേരള ഗവര്‍ണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ പൊതുവേ ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ക്ക് അഭിമതനുമാണ്.

തവാര്‍ചന്ദ് ഗഹ്ലോത്തും ആരിഫ് മുഹമ്മദ് ഖാനും ഉപരാഷ്ട്രപതി സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്നുണ്ട്. ഇവരെ കൂടാതെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പട്ടികവര്‍ഗ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ടെ എന്നിവരും ഉപരാഷ്ട്രപതി പരിഗണനാ പട്ടികയിലുണ്ട്. യുപിയിലെ താക്കൂര്‍ വിഭാഗത്തില്‍നിന്നുള്ള രാജ്നാഥ് സിങ്ങിന് പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പരിചയമുണ്ട്. ഒന്നാം മോദി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയും വാജ്പേയി മന്ത്രിസഭയില്‍ കൃഷിമന്ത്രിയും യുപി മുഖ്യമന്ത്രിയുമായിരുന്നു.

 

Top