തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. പ്രദേശികമായി മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കഴിഞ്ഞ് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടായിരുന്നു. വ്യാഴാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇന്നും നാളെയും കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായിരിക്കും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള കിഴക്കൻ മേഖലകളിൽ മഴ ശക്തമാകും. പിന്നീട് വടക്കൻ കേരളത്തിലും മഴ കനക്കും. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
കുറഞ്ഞ സമയത്തിനുള്ളയിൽ കൂടുതൽ മഴ മേഘങ്ങൾ എത്താമെന്നതിനാൽ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്. വനമേഖലയിൽ ഉരുൾപ്പൊട്ടലിനും സാധ്യത ഉണ്ട്. വ്യാഴാഴ്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് മഴ സജീവക്കുന്നത്. ഇത് ന്യൂനമർദ്ദമായി മാറിയേക്കും. വയനാടും കാസർകോടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച മുതൽ മഴ ഒന്നുകൂടി കനക്കും. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഓറഞ്ച് അലർട്ട് ആണെങ്കിലും തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുള്ളത്.