ഈ വര്‍ഷം ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വർധനയുണ്ടാകുമെന്ന് പഠനം

മുംബൈ: ഈ വർഷം രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ പത്തു മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
വഴിയാകുമെന്നും ഇവർ സൂചിപ്പിക്കുന്നു. നിലവിലിത് രണ്ടു മുതൽ നാലു വരെ ശതമാനമാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് ആളുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതാണ് ഇതിനു കാരണം. കോവിഡ് പ്രതിസന്ധിയിൽ പുറത്തുപോയുള്ള ഷോപ്പിങ്ങും മറ്റും സുരക്ഷിതമല്ലാതായതോടെ ആളുകൾ കൂടുതലായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനും ഓൺലൈൻ വ്യാപാരത്തേക്ക് കടക്കാനും തയ്യാറായി. ഇതാണ് ഓൺലൈൻ വിൽപ്പനയിൽ വർധനയുണ്ടാകാൻ കാരണം.

നേരത്തേ ഈ പരിധിയിലേക്കെത്താൻ അഞ്ചുവർഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകള്‍
ഒരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ഗ്രൂപ്പ് പറയുന്നു. സ്വന്തം വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കുകയാണ്. വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈനിനായി പ്രത്യേക ബ്രാൻഡുകൾ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

Top