തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിനു മുകളില്‍ ചക്രവാതച്ചുഴിയ്ക്കുള്ള സ്ഥിതി നിലനില്‍ക്കുന്നു. സെപ്റ്റംബര്‍ 29-ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്.
തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഈ ചക്രവാതച്ചുഴി വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. നിലവില്‍ ഒരു ജില്ലകള്‍ക്കും മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. തീരദേശ മേഖലയില്‍ താമസിക്കുന്നവരും മലയോര മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.