തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഡിസംബർ 5 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം).
ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുതെന്നും അധികൃതർ നിർദേശിച്ചു.