സംസ്ഥാനത്ത് ഇന്ന് മുതല്‍ നവംബര്‍18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ സാധ്യത

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ നവംബര്‍18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെട്ടു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം വ്യാഴാഴ്ച്ചയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു.

തെക്കന്‍ കേരളത്തില്‍ അടുത്ത 2-3 ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ദുര്‍ബലമായതോടെ വയനാട്, ഇടുക്കി ജില്ലകളെ കൂടാതെ വടക്കന്‍ ജില്ലകളിലും തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങി. ഇടുക്കി, വയനാട് ജില്ലകളില്‍ കുറഞ്ഞ താപനില 20° സെല്‍ഷ്യസില്‍ താഴെ. വടക്കന്‍ ജില്ലകളില്‍ 20 നും 23°c ഇടയില്‍ താപനില രേഖപ്പെടുത്തി.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.കേരള- തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

Top