കേരളത്തില്‍ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; നാളെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊച്ചി: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 8 ,9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

കേരളത്തില്‍ അടുത്ത 3 ദിവസം വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Top