കൊച്ചി: അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് എന്നീ മൂന്നു ജില്ലകളില്‍ ഇന്ന് അര്‍ധരാത്രിവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്നും പ്രത്യേക മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രധാന റോഡുകളില്‍ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്ന് മുന്നറിയിപ്പുണ്ട്.താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.