പതിന്മടങ്ങ് വ്യാപകശേഷിയുള്ള പുതിയ കൊവിഡ് വകഭേദം രൂപപ്പെടാന്‍ ഉയര്‍ന്ന സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗദ്ധര്‍

ലണ്ടന്‍: ഒമിക്രോണും ഡെല്‍റ്റാ വൈറസും ഒരേസമയം ബാധിച്ച വ്യക്തിയില്‍ നിന്നും പതിന്മടങ്ങ് ശേഷിയുള്ള പുതിയ വകഭേദം രൂപപ്പെടാന്‍ ഉയര്‍ന്ന സാദ്ധ്യതയുണ്ടെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ പോള്‍ ബര്‍ട്ടണ്‍. ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗങ്ങളോട് നിലവിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ബര്‍ട്ടണ്‍.

ലോകത്ത് ഇതിനോടകം വന്‍ നാശം വരുത്തിവച്ച ഡെല്‍റ്റ വൈറസിനെക്കാള്‍ 30 ശതമാനത്തിലേറെ വ്യാപക ശേഷിയുള്ളതായിരുന്നു ഒമിക്രോണ്‍. എന്നാല്‍ ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് ഉണ്ടാകുന്ന പുതിയ വകഭേദത്തിന് മറ്റ് രണ്ട് വൈറസുകളേക്കാളും പതിന്മടങ്ങ് വ്യാപക ശേഷിയുണ്ടാകുമെന്ന് ബര്‍ട്ടണ്‍ പറഞ്ഞു. ഒമിക്രോണ്‍ ലോകത്ത് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന വേഗത കണക്കാക്കുമ്പോള്‍ ഒരു സൂപ്പര്‍ സ്‌ട്രെയിന്‍ അധികം താമസിയാതെ ഉടലെടുക്കാനുള്ള സാദ്ധ്യത തള്ളി കളയാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആഫ്രിക്കയില്‍ നിന്ന് ലഭിച്ച ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളില്‍ ഒമിക്രോണും ഡെല്‍റ്റയും ഒരേസമയം കാണപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് ബര്‍ട്ടണ്‍ ചില ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രണ്ട് വൈറസുകള്‍ക്കും പരസ്പരം ജനിതക കൈമാറ്റം നടത്താനുള്ള ശേഷിയുണ്ടെന്നും ഇത് പ്രശ്‌നത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നെന്നും ബര്‍ട്ടണ്‍ സൂചിപ്പിച്ചു.

അതേസമയം ലണ്ടനിലെ തന്നെ ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തില്‍ ഒമിക്രോണ്‍ വൈറസ് മൂലമുള്ള രോഗം വീണ്ടും വരാനുള്ള സാദ്ധ്യത ഡെല്‍റ്റയെക്കാളും അഞ്ചിരട്ടിയെങ്കിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 11 വരെ വിവിധ കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് റിപ്പോര്‍ട്ട്.

Top