കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത;കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുറേവിയുടെ സ്വാധീനവും അറബിക്കടലിൽ ചക്രവാത ചുഴിയുടെ സ്വാധീനവും തുടരുന്നതാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരും. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രത നിർദേശം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Top