പണമിടപാട് കേസ്; ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

chandha-kochar

ന്യൂഡല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സിബിഐ ഉദ്യോഗസ്ഥന്‍ സുധാന്‍ശു ധര്‍ മിശ്രയെയാണ് സ്ഥലം മാറ്റിയിത്. ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്കാണ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി 4 സ്ഥലത്താണ് സുധാന്‍ശു ധര്‍ മിശ്രയുടെ നേതൃത്വത്തില്‍ സിബിഐ റെയ്ഡ് നടത്തിയത്. കൊച്ചാര്‍ ബാങ്ക് മേധാവിയായി ഇരിക്കവേ വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പയാണ് ഐസിഐസിഐ ബാങ്കില്‍ നിന്നും അനുവദിച്ചത്.

ആരോപണ വിധേയയായതിനെ തുടര്‍ന്ന് ചന്ദാ കൊച്ചാര്‍ ബാങ്കിന്റെ എം ഡി സ്ഥാനം രാജിവയ്ക്കുകയും പകരം സന്ദീപ് ബക്ഷി പുതിയ എംഡിയായി തെരെഞ്ഞടുക്കപ്പെടുകയും ചെയ്തിരുന്നു. നഷ്ടത്തിലായ വീഡിയോ കോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിന് പിന്നില്‍ ചന്ദ കൊച്ചാറിന്റെ വ്യക്തി താല്‍പര്യങ്ങളുണ്ടെന്നും അവരുടെ കുടുംബങ്ങള്‍ സമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം.
ചന്ദാ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം. ചന്ദാകൊച്ചാറിന്റെ ഭര്‍തൃസഹോദരനായ രാജീവ് കൊച്ചാറിനെ നേരത്തെ സിബിഐ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

Top