ബി.ജെ.പിക്കെതിരെ പരാതിയില്ല, അസംതൃപ്തനായിരുന്നില്ലെന്നും ചന്ദന്‍ മിത്ര

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ താന്‍ അസംതൃപ്തനായിരുന്നില്ലെന്നും പാര്‍ട്ടിക്കെതിരെ പരാതികളൊന്നുമില്ലെന്നും ചന്ദന്‍ മിത്ര. ബി ജെ പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവാണ് ചന്ദന്‍ മിത്ര.

ബി.ജെ.പി തനിക്ക് നിരവധി അവസരങ്ങള്‍ തന്നിട്ടുണ്ട്. രണ്ടു തവണ രാജ്യസഭയിലേക്ക് സീറ്റു നല്‍കിയതും പ്രധാന പദവികള്‍ നല്‍കിയതും ബി.ജെ.പിയാണ് അദ്ദേഹം പറഞ്ഞു.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഒരാളുടെ വീക്ഷണത്തില്‍ മാറ്റാം വരാം. പശ്ചിമബംഗാളിന്റെ ഉന്നമനമാണ് താന്‍ ലക്ഷ്യമിടുന്നത്. ബംഗാളിന്റെ വികസനത്തിനുവേണ്ടി പ്രയത്‌നിച്ചു കൊണ്ടിരിക്കെയാണ് അതിനു പറ്റിയ രാഷ്ട്രീയ മാര്‍ഗം ത്രിണമൂല്‍ കോണ്‍ഗ്രസാണെന്ന് തിരിച്ചറിഞ്ഞത്. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേര്‍ന്നതെന്നും ചന്ദന്‍ മിത്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍.കെ. അദ്വാനിയുടെ സഹചാരിയായി അറിയപ്പെട്ടിരുന്ന ചന്ദന്‍ മിത്ര രണ്ടു തവണ രാജ്യസഭ എം.പിയായിട്ടുണ്ട്. നാമനിര്‍ദേശത്തിലൂടെ 2003 ആഗസ്ത് മുതല്‍ 2009 വരെ രാജ്യസഭ എംപിയായ ചന്ദന്‍ മിത്ര 2010ല്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2016ലാണ് അദ്ദേഹത്തിന്റെ കാലാവധി തീര്‍ന്നത്. ദി പയനീറിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് ചന്ദന്‍ മിത്ര.

Top