ചണ്ഡീഗഢ് മേയറുടെ രാജി; കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാജിയെന്ന് കെജ്രിവാള്‍

ഡല്‍ഹി: ബി.ജെ.പി. നേതാവ് മനോജ് സോങ്കര്‍ ചണ്ഡീഗഢ് മേയര്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കേജ്രിവാള്‍. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ കൗണ്‍സിലര്‍മാരെ ബിജെപി വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പിനെതിരേ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയായിരുന്നു ഞായറാഴ്ച രാത്രി മനോജ് സോങ്കര്‍ രാജിവെച്ചത്. ഈ വിഷയത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം.

ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണിയെ പരാജയപ്പെടുത്തിയാണ് സോങ്കര്‍ വിജയിച്ചത്. ബി.ജെ.പി.ക്കു 16 വോട്ടും എ.എ.പി.ക്ക് 12 വോട്ടുമാണ് ലഭിച്ചത്. ചണ്ഡീഗഢിലെ 8 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി പാര്‍ട്ടിയും (എഎപി) കോണ്‍ഗ്രസും ചേര്‍ന്നാണ് ബിജെപിയെ നേരിട്ടത്. 35 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഎപി, കോണ്‍ഗ്രസ് സഖ്യത്തിന് 20 വോട്ടുകളുടെയും ബിജെപിക്ക് 15 വോട്ടുകളുടെയും പിന്തുണയുണ്ടായിരുന്നു. 19 വോട്ടുകളുടെ ഭൂരിപക്ഷം എഎപി, കോണ്‍ഗ്രസ് സഖ്യം അനായാസം മറികടക്കുമെന്ന് വിലയിരുത്തിയ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു പരാജയം. കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി മനോജ് സോങ്കര്‍ മേയറായി ജയിച്ചത്.

എന്നാല്‍ പ്രിസൈഡിങ് ഓഫീസര്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തായതോടെ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. വരണാധികാരിയായ അനില്‍ മസീഹ് ബാലറ്റ് പേപ്പറില്‍ എഴുതുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പുറത്തുവന്നത്. ഇതിനിടെ ഇയാള്‍ സി.സി.ടി.വി.യിലേക്ക് നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒട്ടേറെ പ്രതിപക്ഷനേതാക്കള്‍ വീഡിയോ സാമൂഹികമാധ്യങ്ങളില്‍ പങ്കുവെച്ചു.

തുടര്‍ന്ന് എ.എ.പി.യും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്റ്റേചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതോടെയാണ് എ.എ.പി. സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടുവെന്നും വരണാധികാരിയെ വിചാരണചെയ്യേണ്ടതാണെന്നും വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബാലറ്റും വീഡിയോദൃശ്യങ്ങളും സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയ സുപ്രീംകോടതി, വരണാധികാരി അനില്‍ മസീഹിനോട് 19-ന് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.

Top