‘ചാന്‍ഡ്ലര്‍ ബിംഗ്’ ഇനി ഓര്‍മ്മ;’ഫ്രണ്ട്‌സ്’ എന്ന സീരിസിലെ മാത്യു പെറി മരിച്ച നിലയില്‍

‘ഫ്രണ്ട്‌സ്’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ മാത്യു പെറി മരിച്ച നിലയില്‍. 54 വയസ്സായിരുന്നു. ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ ഇന്നലെ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടിലെ കുളിമുറിയില്‍ ഹോട്ട് ടബ്ബിലാണ് മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ച-കൊലപാതക സാധ്യതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു.

എന്‍ ബി സിയുടെ ഫ്രണ്ട്സ് എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ ‘ചാന്‍ഡ്ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്.

വേദനസംഹാരികള്‍ക്കും മദ്യത്തിനും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിടുണ്ട്.

Top