ഹൈദരാബാദ്: രാജ്യത്തെ അഴിമതി വേരോടെ പിഴുതെറിയണമെങ്കില്‍ ഉയര്‍ന്ന മൂല്യമുള്ള 2000, 500 രൂപ നോട്ടുകള്‍ റദ്ദാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്നും ആന്ധ്രയില്‍ കാഷ് ലെസ് ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് പണരഹിത സാമ്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് രൂപം നല്‍കിയ 13 അംഗ സമിതിയുടെ ചെയര്‍മാനായിരുന്നു ചന്ദ്രബാബു നായിഡു.
ഉന്നത മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയകാരനാണ് താനെന്നും 2000,500 രൂപ നോട്ടുകള്‍ നിരോധിച്ചാല്‍ വോട്ടിന് പണം നല്‍കുന്ന കീഴ്വഴക്കം അവസാനിക്കുമെന്നും. 100 രൂപയുടെ എത്ര നോട്ടുകള്‍ നേതാക്കള്‍ക്ക് കൈവശം കൊണ്ടുനടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ രാവും പകലും കഷ്ടപ്പെടുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് ആകുമ്പോള്‍ മുംബൈയില്‍ നിന്നോ ബെംഗളൂരുവില്‍ നിന്നോ കൂറെ പണവുമായി ആരെങ്കിലും വരും, നമ്മള്‍ എന്തിനാണ് അവരെ ഭയക്കുന്നത്. നമ്മള്‍ ചെയ്ത സേവനത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ടിഡിപി 175 മണ്ഡലങ്ങളിലേക്കായി 25 കോടി രൂപ ഒഴുക്കിയിട്ടുണ്ടെന്ന് തെലുങ്ക താരവും ജന സേന പാര്‍ട്ടി നേതാവുമായ പവന്‍ കല്ല്യാണ്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കാന്‍ നായിഡു കേന്ദ്ര സര്‍ക്കാരിനോട് തുറന്നടിച്ചത്.