ഹൈദരാബാദ്: വോട്ട് എണ്ണുമ്പോള്‍ 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വോട്ടെടുപ്പിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ രസീതുകള്‍ എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത്.
ക്രിത്രിമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യം പരിഗണിക്കുകയുണ്ടായില്ല. ഇപ്പോഴെങ്കിലും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ പുനരാലോചന വേണം ചന്ദ്രബാബു നായിഡു പറഞ്ഞു. സംസ്ഥാനത്ത് 30 ശതമാനം വോട്ടിങ് മെഷീനുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വ്യാഴാഴ്ചത്തെ ആദ്യഘട്ട വോട്ടെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ പലയിടത്തും വോട്ടിങ് മെഷീനുകള്‍ക്ക് വ്യാപകമായി തകരാറുകള്‍ ഉണ്ടായി. വോട്ടിങ് മെഷീന്‍ തകരാറു മൂലം അനന്ത്പുര്‍, ഗുണ്ടൂര്‍, കഡപ്പ, കുര്‍ണൂല്‍ എന്നിവിടങ്ങളിലെ പല ബൂത്തുകളിലും രാവിലെ ഒന്‍പത് മണിക്കും വോട്ടെടുപ്പ് ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.