പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താന്‍ ചന്ദ്രബാബു നായിഡു ; നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ന്യൂഡല്‍ഹി: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു നാളെ തെരഞ്ഞെടുപ്പു കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് കൂടികാഴ്ച. 21 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചന്ദ്രബാബു നായിഡു കമ്മീഷന് മുന്നിലെത്തുക.

വോട്ടെണ്ണൽ നടക്കുന്ന 23ആം തീയതി രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. അതല്ലെങ്കിൽ ഫലം പുറത്തുവന്നതിന് ശേഷം 24ന് രാവിലെ ഡല്‍ഹിയിൽ പ്രതിപക്ഷയോഗം ചേരും.

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വന്നാലുണ്ടാകുന്ന സാധ്യത മുന്നില്‍ കണ്ട് ഒന്നിച്ച് നില്‍ക്കണമെന്നാണ് നായിഡു ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ഐക്യനിരക്കായി ഏതാനും മാസങ്ങളായി ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി, മായാവതി, അഖിലേഷ് യാദവ്, ശരത് പവാര്‍, ശരത് യാദവ് , മമത ബാനര്‍ജി എന്നിവരെയും കണ്ടു.

ബദൽ സർക്കാർ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവിഎം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്.

Top