Chandrabose Murder Case: Nisham Might Be Convicted

ന്യൂഡല്‍ഹി: തൃശൂരില്‍ ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

വിചാരണ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
കേസില്‍ വിചാരണക്കോടതിയുടെ വിധി എതിരായാല്‍ നിസാമിന് അത് മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേസിന്റെ വിചാരണ മൂന്നു മാസത്തേക്ക് നീട്ടണമെന്നായിരുന്നു നിസാമിന്റെ ആവശ്യം. ഈ ആവശ്യം നേരത്തെ തന്നെ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സ്റ്റേ ആവശ്യപ്പെട്ട് നിസാം പുതിയ ഹര്‍ജി നല്‍കിയത്.

തനിക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളടങ്ങിയ സി.ഡി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിസാം സ്റ്റേ ആവശ്യപ്പെട്ടത്. എന്നാല്‍, ഇനി പുതിയ തെളിവുകള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

കേസിന്റെ അന്തിമ വിചാരണ തൃശൂര്‍ കോടതിയില്‍ നടന്നു വരികയാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 29നാണ് ചന്ദ്രബോസിനെ, നിസാം ആഡംബര കാറിടിച്ച് പരിക്കേല്‍പ്പിച്ചത്. പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചന്ദ്രബോസ് മരണപ്പെടുകയായിരുന്നു.

Top