Chandrabose murder case

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാം കുറ്റക്കാരനെന്ന് കോടതി. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറഞ്ഞത്. കൊലപാതകം ഉള്‍പ്പെടെ ഒമ്പത് കുറ്റങ്ങളാണ് നിസാമിനെതിരെ തെളിഞ്ഞിരിക്കുന്നത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി സുധീറാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.

ശോഭാ സിറ്റിയിലെ സൈക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമാണ് പ്രതി. സംഭവം നടന്ന് ഒരുവര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇന്ന് വിധി വന്നിരിക്കുന്നത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ വിധി സമൂഹത്തിനു മാതൃകയാകണമെന്നും നിസാം സമൂഹത്തിനു ഭീഷണിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അഞ്ച് കോടി രൂപ നഷ്ടപരിഹാരവും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ടിടിച്ചും, ആക്രമിച്ചും പരുക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചക്ക് ചന്ദ്രബോസ് മരിച്ചു. പേരാമംഗലം സി.ഐ പി.സി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 79 ദിവസത്തെ വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്.

താന്‍ വിഷാദരോഗത്തിന് ചികിത്സ തേടുന്നയാളാണെന്നും ചന്ദ്രബോസ് തന്നെയാണ് ആക്രമിച്ചത്, വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നുമാണ് നിസാം കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിസാം ചന്ദ്രബോസിനെ കാറുകൊണ്ടിടിക്കുകയും ആക്രമിക്കുകയും ചെയ്തതിന് ദൃക്‌സാക്ഷി മൊഴികളും, സാഹചര്യ ശാസ്ത്രീയ തെളിവുകളുമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

സുപ്രീം കോടതി നിര്‍ദേശപ്രകാരം കേസ് വേഗത്തില്‍ തീര്‍പ്പാക്കാനായിരുന്നു കോടതി ശ്രമിച്ചിരുന്നത്. എന്നാല്‍, പലവട്ടം തടസവാദങ്ങളുന്നയിച്ച് കേസ് പരമാവധി നീട്ടാന്‍ പ്രതിഭാഗം ശ്രമിച്ചു. ഇതിനായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപേക്ഷകള്‍ നല്‍കി. ഇതിനിടെ, നിസാമിന്റെ ജാമ്യാപേക്ഷയും സുപ്രീം കോടതി തള്ളിയിരുന്നു.

Top