ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ചെറിയ പാര്‍ട്ടികളെ എല്ലാം ഉള്‍പ്പെടുത്തി വിശാല സഖ്യത്തിനുള്ള അഖിലേഷ് യാദവിന്റെ നീക്കത്തിന് തിരിച്ചടി. ഭീം ആര്‍മിഎസ്പി സഖ്യ നീക്കം പാളി. സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്നാണ് സഖ്യനീക്കം പാളിയത്. യുപി തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളാണ് ഭീം ആര്‍മി ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് സീറ്റുകള്‍ നല്‍കാമെന്നാണ് എസ് പി നിലപാട്. എന്നാലിതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വിസമ്മതമറിയിച്ചു. ഇതോടെ ഭീം ആര്‍മിയെ ഒപ്പം ചേര്‍ക്കാനുള്ള അഖിലേഷിന്റെ നീക്കം പാളിയെന്നാണ് വിവരം.
ബിജെപിയെ പ്രതിരോധിക്കാന്‍ എസ് പി ബിഎസ് പി പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്ന് ചന്ദ്രശേഖര്‍ ആസാദ് വിശദീകരിച്ചു. അഖിലേഷ് യാദവിനെ കാണാന്‍ താന്‍ രണ്ട് ദിവസം ലഖ്‌നൗവിലുണ്ടായിരുന്നു. എന്നാല്‍ തന്നെ വിളിക്കാതെ അദ്ദേഹം അപമാനിച്ചു. അഖിലേഷിന് ദളിത് വിഭാഗത്തെ ആവശ്യമില്ലെന്നും അഖിലേഷും ബിജെപിയും ഒരു പോലെയാണെന്നും ചന്ദ്രശേഖര്‍ ആസാദ് കുറ്റപ്പെടുത്തി. നേരത്തെ ബിജെപി വിട്ടവരെ സ്വീകരിക്കാനുള്ള എസ് പി യോഗത്തില്‍ പങ്കെടുക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖ ആസാദും എസ്പി ആസ്ഥാനത്ത് എത്തിയിരുന്നു.
”തങ്ങളുടെ നേതാവും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് എന്റെ ആളുകള്‍ ഭയപ്പെട്ടു. അഖിലേഷ് ജിക്ക് ദലിതരെ ആവശ്യമില്ല. അഖിലേഷിന് ‘സാമൂഹിക നീതി’ എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ദലിതുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൗനം പാലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായും (ബിഎസ്പി) എസ്പിയുമായും കൈകോര്‍ക്കാന്‍ ശ്രമിച്ചതായി ആസാദ് വ്യക്തമാക്കി.
അഖിലേഷ് യാദവിനെ തന്റെ ജ്യേഷ്ഠസഹോദരനായാണ് താന്‍ കണക്കാക്കിയതെന്നും ആസാദ് പറഞ്ഞു. ”സാമൂഹിക നീതിക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം തുടരും, ഞാന്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കും, അല്ലെങ്കില്‍ ഞാന്‍ സ്വയം പോരാടും,’ അദ്ദേഹം പറഞ്ഞു. നേരത്തേ ജാട്ട് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍ സിംഗിന്റെ ജന്മവാര്‍ഷികദിനത്തില്‍ ചന്ദ്രശേഖര്‍ ആസാദ് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് ട്വീറ്റ് ചെയ്തതോടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു.