ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ചന്ദ്രശേഖര്‍ അന്തരിച്ചു

ബംഗളൂരു: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ചന്ദ്രശേഖര്‍ ബംഗളൂരുവില്‍ അന്തരിച്ചു. 76 വയസ്സായിരുന്നു.ഞായറാഴ്ച രാത്രി 8.40 നായിരുന്നു അന്ത്യം. ബംഗളൂരുവിലെ ആശുപത്രിയില്‍ അന്തരിച്ചത്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായതോടെ കൊടിയ മര്‍ദ്ദനങ്ങളും പീഡനവും അനുഭവിക്കേണ്ടി വന്ന് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു ചന്ദ്രശേഖരെന്ന് ഭാര്യ പറഞ്ഞിരുന്നു. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം ബംഗളൂരുവില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു കെ ചന്ദ്രശേഖര്‍.

റഷ്യന്‍ കമ്പനിയായ ഗ്‌ളവ്‌കോസ്‌മോസിന്റെ ലെയ്‌സണ്‍ ഏജന്റായിരിക്കെയാണ് ചാരക്കേസില്‍ അനധികൃതമായി അറസ്റ്റിലാകുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം സുപ്രീം കോടതി വിധി വന്നതിന്റെ അന്ന് അബോധാവസ്ഥയിലാവുകയായിരുന്നു.

ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍ ജനറല്‍ മാനേജരായിരുന്ന കെ ജെ വിജയമ്മയാണ് ഭാര്യ. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ബംഗളൂര്‍ ഹൊബ്ബാളില്‍ നടക്കും.

Top