തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ചന്ദ്രശേഖര്‍ റാവു

ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭ പിരിച്ച് വിട്ട് അധികം വൈകാതെ തന്നെ അടുത്ത തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ് കെ.ചന്ദ്രശേഖര്‍ റാവു. 105 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ തങ്ങള്‍ ചെയ്‌തെന്നും വികസന പദ്ധതികള്‍ മുടങ്ങാതിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒറ്റക്കായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും എന്നാല്‍ എംആഎമ്മുമായി സൗഹൃദം കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘രാഹുല്‍ ഏറ്റവും വലിയ കോമാളിയാണ്. കോണ്‍ഗ്രസ് ഡല്‍ഹി സുല്‍ത്താനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. സുല്‍ത്താന്‍ പാരമ്പര്യമാണ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നത്. ജനങ്ങള്‍ ഒരിക്കലും ഡല്‍ഹി കോണ്‍ഗ്രസിന്റെ അടിമകളാകരുത്.തെലങ്കാനയുടെ കാര്യങ്ങള്‍ തെലങ്കാന തീരുമാനിക്കണമെന്നാണ് ആഗ്രഹം.’ ചന്ദ്രശേഖര റാവു പറഞ്ഞു.

2014ല്‍ നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2018 അവസാനത്തോടെ തെലങ്കാന തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒരുക്കങ്ങള്‍ വേഗത്തിലാക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ തന്നെ സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ വിട്ടശേഷം ബിജെപി ടിആര്‍എസ്സുമായി അടുപ്പത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പിന്തുണയ്ക്കാനുള്ള സന്നദ്ധത ടിആര്‍എസ് അദ്ധ്യക്ഷനായ ചന്ദ്രശേഖര റാവു അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു.

Top