ചന്ദ്രയാന്‍ 2; വിക്ഷേപണം ഈ മാസം തന്നെ ഉണ്ടാകും, പുതിയ തീയതി പിന്നീട് അറിയിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഈ മാസം തന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

സാങ്കേതിക തകരാര്‍ കാരണമാണ് വിക്ഷേപണം മാറ്റിവച്ചതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചിരുന്നു. എന്നാല്‍, ഈ മാസം തന്നെ വിക്ഷേപണം നടക്കുമെന്നാണ് റിപ്പോർട്ട്

ഞായറാഴ്ച രാവിലെ 6:51ന്‌ ചാന്ദ്രയാന്‍ 2-ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് വിക്ഷേപണം മാറ്റിവച്ചതായി വിവരം ലഭിച്ചത്.

വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി.യില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതികപ്രശ്നങ്ങള്‍ ഇല്ല. ജി.എസ്.എല്‍.വി.യിലെ തകരാര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം. ജി.എസ്.എല്‍.വി. മാര്‍ക്ക്-3 വിക്ഷേപണ റോക്കറ്റില്‍ നിന്നാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കാനിരുന്നത്. സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചിലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്റെയും 375 കോടി രൂപ ജിഎസ്എല്‍വി വിക്ഷേപണവാഹനത്തിന്റെയും ചിലവാണ്. മിക്ക ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍, ആക്ഷന്‍ ത്രില്ലര്‍ സിനിമകളെക്കാള്‍ കുറഞ്ഞ ചെലവാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റേതെന്ന് ചുരുക്കം.

ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാന്‍ റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം വച്ചിരുന്നത്.

Top