അസം പൗരത്വ പട്ടിക; ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഉപദേഷ്ടാവും പട്ടികയില്‍ നിന്ന്‌ പുറത്ത്

ന്യൂഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഉപദേഷ്ടാവുമായ ജിതേന്ദ്രനാഥ് ഗോസ്വാമിയും അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍നിന്നു പുറത്ത്. ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ പട്ടികയില്‍ അദ്ദേഹവും കുടുംബവും ഉള്‍പ്പെട്ടിട്ടില്ല.പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷത്തില്‍ പരം ആളുകളാണ് പുറത്തായത്.

40 ലക്ഷം പേരായിരുന്നു നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്ന് പുറത്തായിരുന്നത്.പിന്നീട് അപ്പീലുകള്‍ പരിഗണിച്ച് വീണ്ടും ഇറക്കിയ പട്ടികയില്‍ 21 ലക്ഷത്തോളം പേര്‍ പുതുതായി ഇടംപിടിക്കുകയും 19 ലക്ഷം പേര്‍ പുറത്താവുകയുമായിരുന്നു. പൗരത്വ രേഖകള്‍ ഇല്ലാത്തവരാണ് പട്ടികയ്ക്ക് പുറത്തായത്‌.

അതേസമയം, നിലവില്‍ അഹമ്മദാബാദിലാണ് താമസിക്കുന്നതെന്നും പക്ഷേ കുടുംബം ആസാമിലാണ് ഉള്ളതെന്നും ജിതേന്ദ്രനാഥ് ഗോസ്വാമി പ്രതികരിച്ചു.ആസാം നിയമസഭാ സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി ഇദ്ദേഹത്തിന്റെ സഹോദരാണ്. പൗരത്വ പട്ടികയില്‍ നിന്നും പുറത്തായതിനെക്കുറിച്ച് സഹോദരനോട് സംസാരിച്ച് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുകയാണെന്നും എന്നാല്‍ ആസാമിലേക്ക് തിരിച്ചുപോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top