ലോക വൻശക്തികൾ പോലും സമ്മതിച്ചു, ഇന്ത്യയുടെ ആ കഴിവുകൾ അപാരം തന്നെ !

ലോകത്തെ ഞെട്ടിക്കുന്ന വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ച് കഴിഞ്ഞതായി അമേരിക്ക. ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം അതിനുള്ള കരുത്ത് ഇന്ത്യക്ക് നല്‍കുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. പര്യവേക്ഷണത്തിനുള്ള 14 പേ ലോഡുകളുമായാണ് പേടകം ചന്ദ്രനില്‍ ഇറങ്ങുക. ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് പോലെ ഒരു സോഫ്റ്റ് ലാന്‍ഡിങ് ആയിരിക്കുമത്.

ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണത്തിന് മുന്‍പ് തന്നെ അതിന്റെ വിജയ കാര്യത്തില്‍ വലിയ ശുഭാപ്തി വിശ്വാസമാണ് നാസക്കുണ്ടായിരിക്കുന്നത്. അതേസമയം , ലോകത്തിന്റെ മുന്നില്‍ ഇന്ത്യ നേടുവാന്‍ പോകുന്ന ചരിത്രനേട്ടത്തെ ചൈനയും പാക്കിസ്ഥാനും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ആര്‍ക്കും കൈ എത്തി പിടിക്കാന്‍ കഴിയാത്ത ദൂരത്തിലേക്ക് ഇന്ത്യ പോകുന്നു എന്നാണ് ഇതേ കുറിച്ച് പ്രമുഖ പാക്ക് മാധ്യമം തന്നെ വിലയിരുത്തിയിരിക്കുന്നത്.

എവിടെയെല്ലാം ജീവന്റെ ഉല്‍പ്പത്തിയുണ്ട് എന്നതടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള സയന്‍സ് മിഷനാണ് ചന്ദ്രയാന്‍ 2 . ഭൂമിക്ക് അപ്പുറത്തേക്ക് വളരാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണിത്. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാന്‍ 1 ആയിരുന്നു. അതു കൊണ്ട് തന്നെ ചന്ദ്രയാന്‍ 2 വിനെ ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണ് ചന്ദ്രയാന്‍ 2. ഓര്‍ബിറ്ററും ലാന്‍ഡറും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത് മലയാളിയായ പി കുഞ്ഞി കുഷ്ണനാണ്.

14 പേ ലോഡുകളില്‍ എട്ട് എണ്ണം ഭ്രമണം ചെയ്യുന്നതും മൂന്നെണ്ണം ചന്ദ്രനില്‍ ഇറങ്ങുന്നതുമാണ്. മറ്റു രണ്ടെണ്ണം ചന്ദ്രനില്‍ ഇറങ്ങിയ ശേഷം സഞ്ചരിക്കുന്നവയാണ്.

3.8 ടണ്‍ ഭാരമുള്ള ബഹിരാകാശ വാഹനത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം, ചന്ദ്രനില്‍ ഇറങ്ങുന്നത്,ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്നത് എന്നിവയാണിത്.

ഇതുവരെ ലോകത്തെ ഒരു രാജ്യവും പരീക്ഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണാര്‍ധ ഗോളത്തില്‍ ഇന്ത്യയുടെ ഉപഗ്രഹം ഇറങ്ങുന്നത് രാജ്യത്തെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.

800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുത്തിരുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനുമാണ് ചിലവ് വന്നത്. ഒരു ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രത്തിന്റെ നിര്‍മ്മാണത്തേക്കാള്‍ കുറഞ്ഞ തുകയാണിത്. ചെലവു ചുരുക്കലിന്റെ കാര്യത്തിലും ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണിപ്പോള്‍ ഐഎസ്ആര്‍ഒ.

ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ 2 വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള ഈ റോക്കറ്റ് ഐ.എസ്.ആര്‍.ഒയുടെ ഫാറ്റ്‌ബോയ് എന്നാണറിയപ്പെടുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡയറക്ടര്‍ എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിനു രൂപം നല്‍കിയത്. 4 ടണ്‍ വരെ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്. ഒരു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാന്‍ 1 വിക്ഷേപിച്ചിരുന്നത്.

ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യവും, ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണവുമെല്ലാം ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു.

ഇതിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 2ല്‍ രാജ്യം ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെയാണ് നാസയും ഈ ദൗത്യത്തെ ആകാംഷയോടെ നോക്കിക്കാണുന്നത്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്‌ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണു ചന്ദ്രയാന്‍ 2. ഐ.എസ്.ആര്‍.ഒ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3,290 കിലോയാണ്.

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലാണെത്തുക. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും.

സോഫ്റ്റ് ലാന്‍ഡിങ് എന്നറിയപ്പെടുന്ന പ്രക്രിയ. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.


ലോക ശക്തികളെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലില്‍ മുട്ടുന്ന ഇന്ത്യക്കാരന്റെ കാര്‍ട്ടൂണ്‍ വരച്ചവര്‍ക്കെല്ലാം നല്‍കിയ ശക്തമായ മറുപടിയാണ് ഇന്ത്യയുടെ ഈ ചരിത്ര മുന്നേറ്റം.

Staff Reporter

Top