രാജ്യത്തിന്റെ വികസന നാഴികക്കല്ലുകള്‍ ഓഹരി വിപണിയിലുണ്ടാക്കുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്ക് ഏറ്റവും വലിയ സൂചകങ്ങളിലൊന്നാവുകയാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറിയപ്പോള്‍ ഓഹരി വിപണിയിലും അതിന്റെ പ്രതിഫലനങ്ങള്‍ സുവ്യക്തമായി. ഏറ്റവും രസകരമായ കാര്യം ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ആകെ ചെലവ് 615 കോടി രൂപയായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം സ്‌പേസുമായി ബന്ധപ്പെട്ട ഓഹരികളിലുണ്ടാക്കിയ കുതിപ്പ് 31,000 കോടി രൂപയുടേതും.
ബഹിരാകാശവുമായി ഏതെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഓഹരികളിലേക്കെല്ലാം ഈ ആഴ്ച്ച പണമൊഴുക്കായിരുന്നു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തില്‍ നിക്ഷേപകര്‍ക്ക് അത്രമാത്രം വിശ്വാസമാണെന്ന് സാരം. ഈ ആഴ്ച്ചയിലെ ആദ്യ നാല് വ്യാപാരദിനങ്ങളിലെ കണക്കൊന്ന് നോക്കിയാല്‍ 13 ബഹിരാകാശ അനുബന്ധ ഓഹരികളുടെ വിപണി മൂല്യത്തിലുണ്ടായിരിക്കുന്നത് 30,700 കോടി രൂപയുടെ വര്‍ധനയാണ്.
ചെറുകിട ഓഹരിയായ സെന്റം ഇലക്ട്രോണിക്‌സിന്റെ ഓഹരിയില്‍ ഈ ആഴ്ച്ച 26 ശതമാനം കുതിപ്പുണ്ടായി. ചന്ദ്രയാന്‍-3 ദൗത്യത്തിനായി ഐസ്ആര്‍ഒയ്ക്ക് തന്ത്രപ്രധാനമായ ഘടകങ്ങള്‍ സപ്ലൈ ചെയ്ത കമ്പനിയാണ് സെന്റം. അവന്‍ടെല്‍, ലിന്‍ഡെ, പാരസ് ഡിഫന്‍സ്, ഭാരത് ഹെവി ഇല്ക്ട്രിക്കല്‍സ് തുടങ്ങിയ ഓഹരികളുടെ വിലയിലും ഇരട്ടയക്ക വര്‍ധനവുണ്ടായി.
ഗോദ്‌റേജ് ഇന്‍ഡസ്ട്രീസിന്റെ വിലയില്‍ വരെ എട്ട് ശതമാനം കുതിപ്പുണ്ടായി. ഐസ്ആര്‍ഒയ്ക്ക് ഘടകങ്ങള്‍ സപ്ലൈ ചെയ്യുന്ന ഗോദ്‌റേജ് എയ്‌റോസ്‌പേസ് ഗോദ്‌റേജ് ഇന്‍ഡസട്രീസിന്റെ സബ്‌സിഡിയറിയാണെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ രസകരമായ കാര്യം ഗോദ്‌റേജ് എയ്‌റേസ്‌പേസ് ഗോദ്‌റേജ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമല്ല എന്നതാണ്. കമ്പനി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുകയുമുണ്ടായി.
ചന്ദ്രയന്‍ 3 ദൗത്യത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പനികളുടെ നിര വളരെ വലുതാണ്. അടിസ്ഥാന സൗകര്യ രംഗത്തെ ഭീമന്മാരായ എല്‍ ആന്‍ഡ് ടി, പൊതുമേഖല കമ്പനിയായ മിശ്ര ധാതു നിഗം, പിടിസി ഇന്‍ഡസ്ട്രീസ്, എംടാര്‍, പരസ്, ബിഎച്ച്ഇഎല്‍, എച്ച്എഎല്‍, സെന്റം…ഇങ്ങനെ നീളും കമ്പനികളുടെ നിര. ബഹിരാകാശ വിപണിയില്‍ വലിയ അവസരമാണ് ചന്ദ്രയാന്‍ ദൗത്യം ഇന്ത്യന്‍ കമ്പനികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ആഗോളതലത്തില്‍ 447 ബില്യണ്‍ ഡോളറിന്റേതാണ് ബഹിരാകാശ വ്യവസായം. അതിനാല്‍ തന്നെ ചന്ദ്രയാന്‍ ദത്യത്തിന്റെ ഭാഗമായ പല ഇന്ത്യന്‍ കമ്പനികള്‍ക്കും ആഗോളതലത്തില്‍ അവസരങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.
ഗഗന്‍യാന്‍, ആദിത്യ എല്‍1 തുടങ്ങിയ ദൗത്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. അതിനാല്‍ തന്നെ സ്‌പേസ് അനുബന്ധ ഓഹരികള്‍ക്ക് ഭാവിയില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ.
വിപണി തുറന്നിട്ട ഇന്ത്യ
ആഗോള വിപണി 447 ബില്യണ്‍ ഡോളറിന്റേതാണെങ്കിലും 5 ശതമാനത്തില്‍ താഴെ മാത്രമാണ് ഇതില്‍ ഇന്ത്യയുടെ വിഹിതം. നേരത്തെ ബഹിരാകാശ രംഗം സ്വകാര്യ കമ്പനികള്‍ക്ക് പ്രാപ്യമായിരുന്നില്ല. 2023ലാണ് ഇന്ത്യ സ്‌പേസ് വിപണി സ്വകാര്യ കമ്പനികള്‍ക്ക് കൂടി തുറന്ന് നല്‍കുന്നത്. ഇതിനെത്തുടര്‍ന്ന് എച്ച്എഎല്‍-എല്‍ ആന്‍ഡ് ടി സംയുക്ത കമ്പനിക്ക് 860 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തു. അഞ്ച് പിഎസ്എല്‍വി റോക്കറ്റുകള്‍ നിര്‍മിക്കാനുള്ള കരാറായിരുന്നു ലഭിച്ചത്.