‘ചന്ദ്രയാന്‍-2’ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും; വിക്ഷേപണം ഉച്ചയ്ക്ക്

ശ്രീഹരിക്കോട്ട: സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിവെക്കേണ്ടി വന്ന ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യം ‘ചന്ദ്രയാന്‍-2’ തിങ്കളാഴ്ച ബഹിരാകാശത്തേക്ക്. സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് തിങ്കളാഴ്ചത്തെ വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു.

വിക്ഷേപണം ഏഴുദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിനുതന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള സമയക്രമീകരണം നടത്തിയിട്ടുണ്ട്.

റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലി കൗണ്ട്ഡൗണിന് പിന്നാലെ തുടങ്ങി. മൂന്നാംഘട്ടമായ ക്രയോജനിക്ക് സ്റ്റേജിലേക്കുള്ള ഇന്ധനം തിങ്കളാഴ്ച കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറില്‍ നിറയ്ക്കും. ജൂലായ് 15-ന് വിക്ഷേപണത്തിന് തൊട്ടുമുമ്പ് സാങ്കേതികത്തകരാര്‍ കണ്ടെത്തിയത് ഈ ഘട്ടത്തിലാണ്.

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം.

Top