ബംഗളുരു: വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡര്‍ ചെരിഞ്ഞ് വീണ നിലയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്
ശനിയാഴ്ച പുലര്‍ച്ചെ, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രനു തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോഴാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.
ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നീ ഭാഗങ്ങളാണ് ചന്ദ്രയാനുള്ളത്. ഇതുവരെ മറ്റാരും ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ജൂലൈ 23നാണ് ബാഹുബലി എന്നറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റില്‍ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നത്. ഓര്‍ബിറ്ററിന് ഒരു വര്‍ഷത്തെ ആയുസാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍, ഓര്‍ബിറ്ററിന് ഏഴു വര്‍ഷം കൂടുതല്‍ ആയുസ് ലഭിക്കും.
സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യം. ‘ആശങ്കയുടെ 15 മിനിറ്റുകള്‍’ എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ ലാന്‍ഡിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സിഗ്‌നല്‍ നഷ്ടമായതോടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു.