ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഉടന്‍ ; ഇന്ധനം നിറയ്ക്കുന്നത് പൂര്‍ത്തിയായി

ബംഗളൂരു: ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുന്നോടിയായി ജിഎസ്എല്‍.വി മാര്‍ക്ക്- മൂന്ന് റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നത് പൂര്‍ത്തിയായി. ക്രയോജനിക് എന്‍ജിനില്‍ ഇന്ധനം നിറക്കുന്ന ജോലികളാണ് പൂര്‍ത്തിയായത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് ഇന്ന് ഉച്ചക്ക് 2.43നാണ് ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം.

വിക്ഷേപണം ഏഴുദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിനുതന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള സമയക്രമീകരണം നടത്തിയിട്ടുണ്ട്.

റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലി കൗണ്ട്ഡൗണിന് പിന്നാലെ തുടങ്ങി. മൂന്നാംഘട്ടമായ ക്രയോജനിക്ക് സ്റ്റേജിലേക്കുള്ള ഇന്ധനം തിങ്കളാഴ്ച കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറില്‍ നിറയ്ക്കും. ജൂലായ് 15-ന് വിക്ഷേപണത്തിന് തൊട്ടുമുമ്പ് സാങ്കേതികത്തകരാര്‍ കണ്ടെത്തിയത് ഈ ഘട്ടത്തിലാണ്.

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം.

Top