ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അച്ചു ഉമ്മന്റെ സ്ഥാനാർഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിയമസഭാംഗമായ ശേഷം ആദ്യമായി ദില്ലിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വ ചർച്ചയിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തി എന്ന നിലയിൽ മിടുമിടുക്കി എന്നായിരുന്നു കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അച്ചു സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. സ്ഥാനാർത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേ സമയം, അച്ചു ഉമ്മൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട്, ഇപ്പോള്‍ പ്രവചിക്കാനില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.