തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മന്‍. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഹസ്തദാനം നല്‍കി. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. ഫോട്ടോ സെഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.
ഇന്ന് പുനരാരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താല്‍ക്കാലികമായി സഭ നിര്‍ത്തിവച്ചത്.
സത്യപ്രതിജ്ഞാ ദിവസം തന്നെ ചാണ്ടി ഉമ്മന്റെ ദിവസം തുടങ്ങിയത് തിരക്കുകളില്‍ നിന്ന്. പുതുപ്പള്ളി ഹൗസില്‍ തന്നെ കാണാനെത്തിയവരേയും അവരുടെ പരാതികളും പ്രശ്നങ്ങളും കേട്ടറിഞ്ഞ ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. പഴവങ്ങാടി ക്ഷേത്രത്തില്‍ തൊഴുതിറങ്ങി പിന്നാലെ ആറ്റുകാല്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്കാണ്. പ്രാര്‍ത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയില്‍ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് നിയമസഭയിലേക്ക് പോയത്.