തിരുവനന്തപുരം: തനിക്കെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി തോമസ് ചാണ്ടി.
ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഇപ്പോള്‍ കോടതിയില്‍ നിന്നും വന്നിരിക്കുന്നത് ചില പരാമര്‍ശങ്ങള്‍ മാത്രമാണ്. തന്റെ പേരിലുള്ള ആരോപണങ്ങളുടെ പേരില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യം ഹര്‍ജിയിന്മേല്‍ ഇനി വാദം കേള്‍ക്കുമ്പോള്‍ കോടതിയെ ബോധ്യപ്പെടുത്തും. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തന്നെ ബോധപൂര്‍വം തേജോവധം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
താന്‍ കായലോ നിലമോ അനധികൃതമായി നികത്തിയിട്ടില്ല. ഇക്കാര്യം ഒരന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.