തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം. പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. നേരത്തെ പ്രതിവാര അണുബാധ അനുപാതം 10ല്‍ കൂടുതലുള്ള പ്രദേശങ്ങളിലായിരുന്നു ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. 1000 പേരില്‍ എട്ടില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അത്തരം പ്രദേശങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക.
തിരുവനന്തപുരം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. പാലക്കാട് ജില്ലയില്‍ 282 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണാണ്. തൃശൂരില്‍ 39 പ്രദേശങ്ങളിലും കോട്ടയത്ത് 26 വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം. സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്ള പ്രദേശങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് നിര്‍ദേശം.