സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെലോ അലെര്‍ട്

തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ ശക്തമാകാന്‍ സാധ്യതയുള്ള മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും മണിക്കൂറുകളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃകര്‍ നിര്‍ദേശിച്ചു.

അതേസമയം വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഹമൂണ്‍’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക്-വടക്കു കിഴക്ക് ദിശയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുകയാണ്. വരുന്ന ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയില്‍ കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന്, ഏഴ് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top