തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് 14 ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കാസർകോടും യെല്ലോ അലർട്ടുണ്ട്. കുമരകത്താണ് കഴിഞ്ഞ 12 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത്. 148.5 മില്ലീമീറ്റർ. റെഡ് അലർട്ടിന് സമാനമായ മഴയാണ് ഇത്.
എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. എറണാകുളത്ത് കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. കൊച്ചി നഗരം, ഹൈക്കോടതി പരിസരം, നോർത്ത് റയിൽവേ സ്റ്റേഷൻ പരിസരം, കലൂർ, എം ജി റോഡ്, മണവാട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ, ഹൈക്കോടതി സിറ്റിംഗ് ഇന്ന് 11 മണിക്കേ ആരംഭിക്കൂ. കലൂരിൽ, മെട്രോ സ്റ്റേഷന് എതിർവശം പെട്രോൾ പമ്പിന്റെ മേൽക്കൂര കനത്ത കാറ്റിലും മഴയത്തും തകർന്നു വീണു. കലൂരിൽ ഉൾപ്പെടെ വാഹന ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടു.