തിരുവനന്തപുരം: സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ മാറ്റം. ജൂണ്‍ ഇരുപത്തിനാല് വ്യാഴാഴ്ച മുതലാണ് നിയന്ത്രണത്തില്‍ പുനഃക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസവും ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും.
കാറ്റഗറി എ യിലും ബി യിലും പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യില്‍ എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം അനുവദിക്കും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നത് പരമപ്രധാനമാണ്. മീറ്റിങ്ങുകള്‍ പരമാവധി ഓണ്‍ലൈനാക്കുകതന്നെ വേണം. തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മദ്യഷാപ്പുകള്‍ അടച്ചിടും.
ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്ക് പോകുന്ന യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകുംവിധം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കോവിഡ് 19 മോളിക്യുലര്‍ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നതിന് സന്നദ്ധമായിട്ടുണ്ട്. അതിനുള്ള അനുമതി ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ഇതില്‍ സത്വര നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ആരാധനാലയങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കും. പരമാവധി പതിനഞ്ച് പേര്‍ക്കായിരിക്കും പ്രവേശനം. കൂടാതെ കോവിഡ് രോഗികള്‍ക്ക് മാനസിക പിന്‍തുണ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.
പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിന് അനുമതി നല്‍കുന്നതും ആലോചിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ ചിത്രീകരണമാണനുവദിക്കുക.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതിനല്‍കുന്ന കാര്യം ആലോചിക്കും. വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.