വോട്ടെണ്ണൽ ദിനത്തിൽ ഒന്നാമതാകാൻ ചാനലുകളും, അവതരണ രീതിയും മാറും !

കോവിഡ് ഉയർത്തിയ സുനാമിക്കിടയിലും, മെയ് 2ന്റെ ഒരുക്കത്തിലാണിപ്പോൾ, സംസ്ഥാനത്തെ വാർത്താചാനലുകൾ. വോട്ടെണ്ണൽ ദിവസം ഇത്തവണ, കാണികളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ, കർശന നിയന്ത്രണങ്ങളോടെ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനാണ്, തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള സജജീകരണങ്ങളും അവസാനഘട്ടത്തിലാണ്. കോവിഡ് രണ്ടാം തരംഗം നിയന്ത്രണം വിട്ട സാഹചര്യത്തിൽ, വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയും, വളരെ കൂടുതലാണ്. ഇതു സംബന്ധമായ ഹർജി ഈ മാസം 27 ലേക്കാണ് ഹൈക്കോടതി മാറ്റിയിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചു കൊണ്ടു കൂടിയാണ്, ഈ തീരുമാനം കോടതി എടുത്തിരിക്കുന്നത്. ഏപ്രിൽ 26ന്, കോവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി സർക്കാർ വിളിച്ചു ചേർക്കുന്ന സർവകക്ഷി യോഗം, ഇതു സംബന്ധമായും ചർച്ച നടത്തും. ആൾക്കൂട്ടം ഒഴിവാക്കുന്നതു സംബന്ധമായ നിർദ്ദേശം, സർക്കാർ തന്നെയാണ് യോഗത്തിൽ മുന്നോട്ട് വയ്ക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ, വോട്ടെണ്ണൽ ദിവസം, സംസ്ഥാനം, ലോക് ഡൗണിലേക്ക് പോകാൻ തന്നെയാണ് സാധ്യത. മനുഷ്യ ജീവനേക്കാൾ വലുതല്ല, ഒത്തുകൂടലും ആഹ്ലാദ പ്രകടനങ്ങളും എന്നതിനാൽ, എല്ലാ രാഷ്ട്രീയ  പാർട്ടികൾക്കും, ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

ഫലത്തിൽ, ദൃശ്യമാധ്യമങ്ങളുടെയും, സോഷ്യൽ മീഡിയയുടെയും ആഘോഷമായാണ്, വോട്ടെണ്ണൽ ദിവസം മാറാൻ പോകുന്നത്.ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ്, വാർത്താ ചാനലുകളും ശ്രമിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ, ഏറ്റവും ശ്രദ്ധേയമായ വാർത്താ അവതരണം നടത്തിയിരുന്നത്, ടീം 24 ആയിരുന്നു. പതിവ് ചാനൽ ശൈലിയിൽ നിന്നും വിഭിന്നമായി, ശ്രീകണ്ഠൻ നായർ, ഡോ അരുൺ, വിജയകുമാർ, ഗോപികൃഷ്ണൻ തുടങ്ങിയവർ ചേർന്നു നടത്തിയ അവതരണം, ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദൈനംദിന വാർത്താ അവതരണത്തിലും, 24 കൊണ്ടു വന്ന മാറ്റങ്ങൾ, പിന്തുടരേണ്ട ഗതികേടിലാണിപ്പോൾ മറ്റു ചാനലുകൾ. ഈ സാഹചര്യത്തിൽ,മെയ് 2-ന് ചാനലുകൾ ഏത് രൂപത്തിലാണ് പ്രത്യക്ഷപ്പെടുക എന്നതാണ്, രാഷ്ട്രീയ കേന്ദ്രങ്ങളും ഇപ്പോൾ ഉറ്റു നോക്കുന്നത്.പ്രേക്ഷകരുടെ എണ്ണത്തിൽ, നിലവിൽ നമ്പർ വൺ ഏഷ്യാനെറ്റ് തന്നെയാണ്. അതേസമയം, യൂട്യൂബ് ലൈവിൽ, മിക്കപ്പോഴും ഒന്നാം സ്ഥാനത്ത് വരുന്നത് 24 ന്യൂസാണ് എന്നതും, എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. വാർത്താ അവതരണത്തിലെ പുതുമയാണ് ഈ നേട്ടത്തിന്റെ പ്രധാന കാരണം. 24 ന്റെ മുന്നേറ്റം ചെറുക്കാൻ, വ്യത്യസ്തങ്ങളായി പദ്ധതികളാണ്, അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുന്നത്. വോട്ടെണ്ണൽ ദിവസം, വേറിട്ട ശൈലിയുമായി തന്നെയാണ്, മറ്റു മുഖ്യധാരാ ചാനലുകളും രംഗത്തു വരാൻ പോകുന്നത്. ഭരണം ഏതു മുന്നണി പിടിച്ചാലും, തിരഞ്ഞെടുപ്പ് ദിവസം ഏറ്റവും കൂടുതൽ പേർ കാണുന്ന ചാനലായി മാറാനാണ് ചാനലുകളുടെ ശ്രമം. ഏഷ്യാനെറ്റിനും, 24 ന്യൂസിനും പുറമെ, മനോരമ ന്യൂസ്, മാതൃഭുമി ന്യൂസ് ,ജനം ടി.വി,മീഡിയ വൺ, ന്യൂസ് 18 കേരള, കൈരളി, ജയ് ഹിന്ദ് ചാനലുകളും, വ്യത്യസ്തമായ പദ്ധതികളാണ്, വോട്ടെണ്ണൽ ദിനത്തിലായി ഏർപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ അട്ടിമറി നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ, ചാനലുകളെ സംബന്ധിച്ച്, ‘ഹോട്ട് സ്പ്പോട്ടുകളാണ് ‘ അപ്രതീക്ഷിതമായ ചില അട്ടിമറികൾ ഇത്തവണ ഉണ്ടാകുമെന്നാണ്, രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. മഞ്ചേശ്വരം, തവന്നൂർ, തൃശൂർ, പാലക്കാട്, കളമശ്ശേരി, തൃപ്പൂണിത്തുറ, പാലാ, പൂഞ്ഞാർ, കായംകുളം, അമ്പലപ്പുഴ, കൊല്ലം, കുണ്ടറ, കഴക്കൂട്ടം, നേമം, തുടങ്ങിയ മണ്ഡലങ്ങളിൽ തീ പാറുന്ന മത്സരമാണ് നടന്നിരിക്കുന്നത്.

ത്രിശങ്കുസഭയാണ് ഇത്തുണ ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് 5 സീറ്റിൽ വിജയവും, കാവിപ്പട അവകാശപ്പെടുന്നുണ്ട്. 80 സീറ്റുകൾ നേടി ഭരണം പിടിക്കുമെന്നതാണ്, യു.ഡി.എഫിന്റെ അവകാശവാദം, മത്സരിച്ച ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുന്ന പാർട്ടിയായി മാറുമെന്നാണ്, മുസ്ലീംലീഗും അവകാശപ്പെടുന്നത്. ഭരണ തുടർച്ച ഉറപ്പാണെന്ന കാര്യത്തിൽ, ഇടതുപക്ഷവും വലിയ ആത്മവിശ്വാസത്തിലാണ്. ചുവപ്പ് പാളയത്തിലെത്തിയ, ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ്സിനും, പ്രതീക്ഷ ഏറെയാണ്. ഒരു തരംഗമുണ്ടായാൽ, 100 കടക്കും സീറ്റുകളെന്നാണ്, ഇടതു നേതാക്കൾ കരുതുന്നത്. ഇത്തരത്തിൽ, മൂന്നു മുന്നണികൾക്കും അവരുടേതായ കണക്കുകൂട്ടലുകളുണ്ട്. ആരുടെയൊക്കെ കണക്കു കൂട്ടലുകളാണ് പാളുക എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Top